ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു; റബ്ബറിന്റെ താങ്ങുവില 200 രൂപയാക്കി

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏറെനാളായി ആശമാര്‍ സമരത്തിലാണ്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
മുഖ്യന്ത്രി നടത്തിയ മറ്റ് പ്രഖ്യാപനങ്ങള്‍
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ ഡിഎ, ഡിആര്‍ ഒരു ഗഡു(4%) കൂടി അനുവദിക്കും. ഇത്തവണ നാലുശതമാനമായി നവംബര്‍ മാസത്തിലെ ശമ്പളത്തിനൊപ്പം നല്‍കും.
11-ാം ശമ്പളപരിഷ്‌കരണ കുടിശ്ശികയുടെ മൂന്നും നാലും ഗഡുക്കള്‍ ഈ സാമ്പത്തികവര്‍ഷം തന്നെ അനുവദിക്കും.
അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വര്‍ധിപ്പിക്കും. 65,240 പേര്‍ക്ക് പ്രയോജനം ലഭിക്കും. ഇതിന് പ്രതിവര്‍ഷം 934 കോടി ചെലവ്. 2024-ലാണ് ഓണറേറിയം വര്‍ധിപ്പിച്ചത്.
സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസം ഓണറേറിയം 1000 രൂപയായി വര്‍ധിപ്പിക്കും. പ്രതിവര്‍ഷം 5.50 കോടി ചെലവ്. കുടിശ്ശിക മുഴുവന്‍ നല്‍കും.
13,327 പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി 50 രൂപ വര്‍ധിപ്പിക്കും.
പ്രീപ്രൈമറി ടീച്ചര്‍മാര്‍, ആയമാര്‍ പ്രതിമാസ വേതനം 1000 രൂപ വര്‍ധിപ്പിക്കും
ഗസ്റ്റ് ലക്ചറര്‍മാരുടെ പ്രതിമാസ വേതനം പരമാവധി 2000 രൂപ വര്‍ധിപ്പിക്കും
റബ്ബര്‍ താങ്ങുവില കിലോയ്ക്ക് 180-ല്‍നിന്ന് 200 രൂപയാക്കി ഉയര്‍ത്തും
നെല്ലിന്റെ സംഭരണവില 28.20 രൂപ. ഇത് 30 രൂപയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
ഈ പ്രഖ്യാപനങ്ങളെല്ലാം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ഇത് നടപ്പിലാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

