KSDLIVENEWS

Real news for everyone

ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്; എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിലേക്ക്

SHARE THIS ON

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടിക ക്രമപ്പെടുത്താൻ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയ ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവിനെതിരേ സമരം തുടങ്ങുന്നു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയാണ് വിവാദ ഉത്തരവിനെതിേര സമരരംഗത്തിറങ്ങുന്നത്. ആദ്യഘട്ടമായി ഡിസംബർ ഒന്നിന് രാവിലെ 10-ന് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധക്കൂട്ടായ്മ നടത്തും. 2011 ഒക്ടോബർ 25-നുശേഷം ജനിച്ചവർ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടില്ലെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. എൻഡോസൾഫാൻ കേരളത്തിൽ നിരോധിച്ചത് 2005 ഒക്ടോബർ 25-നാണെന്നും കീടനാശിനിയുടെ ദുരന്തഫലം ആറുവർഷം മാത്രമേ നീണ്ടുനിൽക്കുകയുള്ളൂവെന്നും ഉത്തരവിൽ വിശദീകരിക്കുന്നു. ന്യൂഡൽഹി എയിംസ്, ബെംഗളൂരു നിംഹാൻസ്, തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്, വെല്ലൂർ സി.എം.സി. എന്നിവിടങ്ങളിലെ ന്യൂറോളജിസ്റ്റുൾപ്പെടെയുള്ള ഒൻപതംഗ ഡോക്ടർമാരുടെ സംഘത്തിന്റ കണ്ടെത്തലനുസരിച്ചാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻതോട്ടത്തിൽ 1978 മുതൽ 1998 വരെ തുടർച്ചയായി എൻഡോസൾഫാൻ കീടനാശിനി തളിച്ചിരുന്നു. ഹെലികോപ്റ്ററിലായിരുന്നു തളിക്കൽ. ഈ കീടനാശിനിപ്രയോഗം 1998-ൽ ഹൊസ്ദുർഗ് മുൻസിഫ് കോടതിയും 1999-ൽ ഹൈക്കോടതിയും സ്റ്റേ ചെയ്തു. അതിനുശേഷം ഈ ജില്ലയിൽ എൻഡോസൾഫാൻ പ്രയോഗം ഉണ്ടായിട്ടില്ല. പതിനൊന്നുവർഷത്തിനുശേഷം 2010-ൽ സർക്കാർ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻവിഭാഗം മേധാവിയായി വിരമിച്ച ഡോ. ടി. ജയകൃഷ്ണനുൾപ്പെടെയുള്ള മൂന്നംഗസമിതി ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെത്തി പരിശോധന നടത്തിയപ്പോൾ വെള്ളത്തിലും മണ്ണിലും ആളുകളുടെ രക്തത്തിലുമെല്ലാം എൻഡോസൾഫാൻ കീടനാശിനിയുടെ അംശം കണ്ടെത്തി. ആ കണ്ടെത്തലിനുശേഷമാണ് സർക്കാർ ദുരിതബാധിത പട്ടികയുണ്ടാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!