KSDLIVENEWS

Real news for everyone

ചൈനയിലെ ശ്വാസകോശരോഗം: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം; നിരീക്ഷണം ശക്തമാക്കി

SHARE THIS ON

ന്യൂഡൽഹി: ചൈനയിൽ കുട്ടികളിൽ വ്യാപകമായി ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ. രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നിറിയിപ്പ് നൽകിയത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവർക്ക് പ്രത്യേക പരിചരണവും നിരീക്ഷണവും നൽകണമെന്നും ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശമുണ്ട്. 

കർണാടക സർക്കാർ ഇതിനകം തന്നെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പനി ബാധിച്ചെത്തുന്നവർ സ്വീകരിക്കേണ്ട മുന്നറിയിപ്പുകൾ പുറത്തിറക്കി. നിലവിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് രാജസ്ഥാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. കോവിഡ് സമയത്ത് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയതുപോലെയുള്ള നടപടികൾ സ്വീകരിച്ചുവെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു. ഉത്തരാഖണ്ഡിലെ ചില ജില്ലകളിലും പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. തമിഴ്നാട് സംസ്ഥാന ആരോഗ്യവകുപ്പും മുൻകരുതലുകൾ സ്വീകരിച്ചു. 

വടക്കൻ ചൈനയിൽ വ്യാപകമായി ശ്വാസകോശ രോഗം റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ, ലോകാരോഗ്യ സംഘടന കടുത്ത ജാഗ്രതാ നിർദേശം നൽകിയിരുന്നു. മുൻകരുതൽ നടപടികളെടുക്കാനും രോഗവ്യാപനത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാനും ഡബ്ല്യുഎച്ച്ഒ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് ശ്വാസകോശ രോഗം കൂടുന്നെന്ന് ചൈനീസ് ആരോഗ്യ കമ്മിഷൻ സ്ഥിരീകരിച്ചത്.

ഇതിനിടെ, വടക്കൻ ചൈനയിൽ കുട്ടികൾക്കു കൂട്ടത്തോടെ ന്യുമോണിയ പിടിച്ചത് ആശങ്കയ്ക്കിടയാക്കി. ശ്വാസകോശ രോഗങ്ങളിലുള്ള പൊതുവിലെ വർധനയ്ക്ക് ഈ ന്യുമോണിയയുമായി ബന്ധമുണ്ടോയെന്നാണ് ആശങ്ക. ഇക്കാര്യത്തിൽ വ്യക്തത തേടിയാണ് ഡബ്ല്യുഎച്ച്ഒ വിവരങ്ങൾ ആവശ്യപ്പെട്ടത്. കോവിഡിന്റെ യഥാർഥ വിവരങ്ങൾ കൈമാറുന്നില്ലെന്ന് ചൈന മുൻപ് പഴി കേട്ടിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!