കബളിപ്പിക്കാനുള്ള ഹമാസ് തന്ത്രമെന്ന് കരുതി, രക്ഷിക്കണമെന്ന് നിലവിളിച്ചിട്ടും സ്വന്തം പൗരന്മാരെ വെടിവച്ചിട്ടു; സൈന്യത്തിന് തെറ്റിയെന്ന് ഇസ്രയേൽ

ജറുസലം∙ ഗാസയിൽ ഹമാസ് തടവിലാക്കിയവരെ ഇസ്രയേൽ സൈന്യം വധിച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. രക്ഷിക്കണമെന്ന് ഹീബ്രു ഭാഷയിൽ അലറിക്കരഞ്ഞിട്ടും കേൾക്കാൻ ഇസ്രയേൽ സൈന്യം തയാറായില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കബളിപ്പിക്കാനായി ഹമാസ് നടത്തുന്ന തന്ത്രമാണെന്നാണ് കരുതിയതെന്ന് മിലിട്ടറി വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
ഡിസംബർ പത്തിനാണ് ഹമാസ് നിയന്ത്രണത്തിലുള്ള കെട്ടിടത്തിന് സമീപം ഇസ്രയേൽ സൈന്യം കടന്നുകയറിയത്. മൂന്ന് തടവുകാരാണ് ഗാസ സിറ്റിയിലെ ഷെജയ്യ ജില്ലയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കെട്ടിടത്തിനുള്ളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അഞ്ച് ഹമാസുകാരെ സൈന്യം വെടിവച്ചുകൊന്നിരുന്നു. കെട്ടിടത്തിനുള്ളിൽ സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ടെന്നും സൈനികരെ തന്ത്രത്തിൽ കെട്ടിടത്തിൽ കയറ്റുകയായിരുന്നു ലക്ഷ്യമെന്നുമാണ് കരുതിയത്.
ഡിസംബർ പതിനഞ്ചിനാണ് തടവുകാരെ വധിച്ചത്. സഹായം അഭ്യർഥിച്ചവരോട് സൈനികരുടെ അടുത്തേക്ക് വരാൻ കമാൻഡർ ആവശ്യപ്പെട്ടു. എന്നാൽ സമീപത്ത് ടാങ്ക് വെടിയുതിർക്കുന്ന ശബ്ദം മൂലം കമാൻഡർ നൽകിയ നിർദേശം രണ്ട് സൈനികർ കേട്ടില്ല. ഇവർ തടവുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്നാമത്തെ തടവുകാരൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവച്ച് വീഴ്ത്തുകയായിരുന്നു. യോതം ഹൈം, അലോൺ ഷംറിസ്, സമെർ എൽ തലാൽഖ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരിലൊരാൾ കയ്യിൽ വെളുത്ത കൊടി പിടിച്ചിരുന്നു.

