KSDLIVENEWS

Real news for everyone

എൻഡോസൾഫാൻ കുഴിച്ചുമൂടിയ മിഞ്ചിപദവിൽ കേന്ദ്ര സംഘം പരിശോധന നടത്തി

SHARE THIS ON

മിഞ്ചിപദവ് (കാറഡുക്ക) ∙ പ്ലാന്റേഷൻ കോർപറേഷൻ കേരളയുടെ(പിസികെ) ഗോഡൗണിൽ ബാക്കിയായ എൻഡോസൾഫാൻ മിഞ്ചിപദവിലെ കിണറ്റിൽ അനധികൃതമായി കുഴിച്ചുമൂടിയെന്ന പരാതിയെ തുടർന്നു കേന്ദ്രസംഘം സ്ഥലം പരിശോധിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ദക്ഷിണ മേഖല (ബെംഗളൂരു) റീജനൽ ഡയറക്ടർ ഡോ.ജെ.ചന്ദ്രബാബുവിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. മണ്ണ്, വെള്ളം എന്നിവയുടെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. പിസികെ ഉദ്യോഗസ്ഥരിൽ നിന്നും നാട്ടുകാരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. 

റിപ്പോർട്ട് 2ന് സമർപ്പിക്കും
പ്രാഥമിക റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ജനുവരി 2ന് നടക്കുന്ന ഹിയറിങ്ങിൽ സമർപ്പിക്കും. മണ്ണ്, വെള്ളം എന്നിവയുടെ ശാസ്ത്രീയ പരിശോധന ഫലം ഈ ദിവസത്തിനുളളിൽ ലഭിക്കാൻ സാധ്യത ഇല്ലാത്തതിനാൽ അവ ഹാജരാക്കാൻ കൂടുതൽ സമയം ആവശ്യപ്പെടും. മൂടിയ കിണർ കുഴിച്ച് വിശദമായി പരിശോധിക്കണമെന്ന നിഗമനത്തിൽ സംഘം എത്തിയതായാണ് സൂചന. അത്തരത്തിലുള്ള റിപ്പോർട്ട് സമർപ്പിക്കാനാണു സാധ്യത. ഇന്നലെ ഉച്ചയ്ക്കു 12.30നാണ് സംഘം  എത്തിയത്. പിസികെ  ഗ്രൂപ്പ് എസ്റ്റേറ്റ് മാനേജർ എം. സന്തോഷ്, കാസർകോട് എസ്റ്റേറ്റ് മാനേജർ പി.എം. ഇസ്മായിൽ എന്നിവർ മറുപടി നൽകി. 

കിണർ സന്ദർശിച്ചു, വെള്ളം ശേഖരിച്ചു
ഓഫിസ് വളപ്പിലെ കിണറിൽ നിന്നു വെള്ളം ശേഖരിച്ചു. തുടർന്ന് എൻഡോസൾഫാൻ മിശ്രിതം കലക്കിയിരുന്ന സംഭരണിയും സന്ദർശിച്ചു. അതിനുള്ളിലെ മണ്ണും പൊടികളും കുപ്പിയിൽ ശേഖരിച്ചു. അതിനു ശേഷം എൻഡോസൾഫാൻ കുഴിച്ചുമൂടിയ കിണർ ഉണ്ടായിരുന്ന സ്ഥലത്തെത്തി. നാട്ടുകാരും എൻഡോസൾഫാൻ വിരുദ്ധ സമര സമിതി പ്രവർത്തകരും  എത്തിയിരുന്നു. കിണറിന്റെ മുകളിൽ നിന്നു മണ്ണ് പരിശോധനയ്ക്കെടുത്തു. വിശദമായി കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും അവ രേഖപ്പെടുത്തുകയും ചെയ്തു. ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് എൻഡോസൾഫാൻ ദുരിത ബാധിതരുടെ ആരോഗ്യസ്ഥിതിയും തിരക്കി. കർണാടക ഈശ്വരമംഗലത്തെ സർക്കാർ ആശുപത്രിയും സന്ദർശിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!