മൂടല്‍മഞ്ഞ്: രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം അടക്കം തിരിച്ചുവിട്ടു; നൂറോളം സര്‍വ്വീസുകള്‍ വൈകുന്നു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മൂടല്മഞ്ഞിന് ഇന്നും ശമനമില്ല. ദൃശ്യപരിധി (ആര്.വി.ആര്) വളരെ കുറഞ്ഞത് ട്രെയിന്‍, വിമാന സര്‍വ്വീസുകളെ ഇന്നും ബാധിച്ചു. നൂറോളം ആഭ്യന്തര-അന്താരാഷ്ട്ര വിമാനസര്‍വ്വീസുകളാണ് വൈകുന്നത്. ചില വിമാന സര്‍വ്വീസുകള്‍ റദ്ദാക്കാനും സാധ്യതയുണ്ട് എന്നാണ് വിവരം.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. വ്യാഴാഴ്ച രാത്രി നാഗ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനമാണ് ജയ്പൂരിലേക്ക് തിരിച്ചുവിട്ടത്. ഡല്‍ഹി വിമാനത്താവളത്തിലെ വളരെ കുറഞ്ഞ ദൃശ്യപരിധിയാണ് വിമാനം തിരിച്ചുവിടാന്‍ കാരണം.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 150 മീറ്ററാണ് രേഖപ്പെടുത്തിയ കുറഞ്ഞ ദൃശ്യപരിധി. 400 മുതല്‍ 800 മീറ്റര്‍ വരെയാണ് റണ്‍വേ വിഷ്വല്‍ റെയ്ഞ്ച് എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന വിവരം.
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തിലെ ദൃശ്യപരിധി 50 മീറ്റര്‍ വരെ താഴാമെന്നും പിന്നീട് മെച്ചപ്പെട്ട് 400 മീറ്റര്‍ വരെ ആകുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. യാത്രക്കാര്‍ വിമാന കമ്പനികളുടെ വെബ്സൈറ്റില്‍ കയറി തങ്ങള്‍ക്ക് പോകേണ്ട വിമാനത്തിന്റെ സ്ഥിതി അറിഞ്ഞ ശേഷമേ വിമാനത്താവളം വിട്ട് പോകാവൂ എന്ന് വിമാന കമ്പനികള്‍ അഭ്യര്‍ത്ഥിച്ചു. വിമാനം വൈകുമെന്ന് അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരില്‍ പലരും തങ്ങളുടെ വിമാനത്തെ കുറിച്ചുള്ള അറിയിപ്പ് പ്രതീക്ഷിച്ച് വെറും നിലത്ത് ഇരിക്കുകയാണ്.
ഡല്‍ഹിയില്‍നിന്ന് പോകുന്നതും ഡല്‍ഹിയിലേക്ക് വരുന്നതുമായ നിരവധി ട്രെയിനുകളെയും മൂടല്‍മഞ്ഞ് ബാധിച്ചു. കഴിഞ്ഞ രാത്രി ഡല്‍ഹിയിലെത്തേണ്ടിയിരുന്ന എട്ട് ട്രെയിനുകള്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ എത്തേണ്ട ട്രെയിനുകള്‍ നാല് മണിക്കൂര്‍വരെ വൈകിയാണ് ഓടുന്നത്. ട്രെയിനുകള്‍ എപ്പോഴാണ് എത്തുക എന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും യാത്രക്കാര്‍ പറയുന്നു.
അടുത്ത രണ്ട് ദിവസത്തേക്ക് കൂടി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

