KSDLIVENEWS

Real news for everyone

റോഷലിന് ഹാട്രിക്; മണിപ്പുരിനെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

SHARE THIS ON

ഹൈദരാബാദ്: ആധികാരികം…അപരാജിതം…കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ കലാശപ്പോരിലേക്ക്. സെമിയില്‍ മണിപ്പുരിനെ തകര്‍ത്തെറിഞ്ഞ് കേരളം ഫൈനല്‍ ടിക്കറ്റെടുത്തു. ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് കേരളം വിജയിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യത്തോടെ പന്തുതട്ടിയ കേരളം മണിപ്പുരിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഹൈദരാബാദിലെ ബാലയോഗി സ്‌റ്റേഡിയത്തില്‍ കേരളം ഗോള്‍മഴപെയ്യിച്ചതോടെ മണിപ്പുര്‍ നിഷ്പ്രഭമായി. അഞ്ചിന്റെ പകിട്ടോടെ കേരളം കലാശപ്പോരിലേക്ക് കടന്നു.

റോഷല്‍ ഹാട്രികുമായി തിളങ്ങിയ മത്സരത്തില്‍ അജ്‌സലും നസീബ് റഹ്‌മാനും കേരളത്തിനായി ഗോളുകള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെയാണ് മണിപ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. ഡിസംബര്‍ 31-ന് നടക്കുന്ന ഫൈനലില്‍ കേരളം പശ്ചിമ ബംഗാളിനെ നേരിടും.

മത്സരം ആരംഭിച്ച് ആദ്യ മിനിറ്റുകളില്‍ മണിപ്പുരിന്റെ ആക്രമണമായിരുന്നു. കേരളത്തിന്റെ ബോക്‌സിലേക്ക് മണിപ്പുര്‍ താരങ്ങള്‍ ഇരച്ചത്തെി. എന്നാല്‍ കേരള പ്രതിരോധത്തെ മറികടക്കാനായില്ല. എന്നാല്‍ മുന്നേറ്റം ശക്തമാക്കിയ കേരളം 22-ാം മിനിറ്റില്‍ മുന്നിലെത്തി. മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ നസീബ് റഹ്‌മാന്‍ മണിപ്പുര്‍ ഗോളിയെ കബളിപ്പിച്ച് അനായാസം വലകുലുക്കി. എന്നാല്‍ 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മണിപ്പുര്‍ സമനിലപിടിച്ചു.

മുന്നേറ്റം ശക്തമാക്കിയ കേരളം പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ലീഡുമെടുത്തു. അജ്‌സലാണ് കേരളത്തിനായി വലകുലുക്കിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ കിടിലന്‍ കൗണ്ടര്‍ അറ്റാക്കിനൊടുവിലാണ് ഗോള്‍ പിറന്നത്.

രണ്ടാം പകുതിയില്‍ മണിപ്പുര്‍ തിരിച്ചടിക്കാന്‍ ഉണര്‍ന്നുകളിച്ചെങ്കിലും കേരളം ശക്തമായി പ്രതിരോധിച്ചു. ഒടുവില്‍ 73-ാം മിനിറ്റില്‍ റോഷലിലൂടെ മൂന്നാം ഗോളും കണ്ടെത്തി. മണിപ്പുര്‍ പ്രതിരോധത്തിലെ പിഴവ്‌ മുതലെടുത്ത് മുന്നേറിയ റോഷല്‍ ഉഗ്രന്‍ ഷോട്ടിലൂടെ വലകുലുക്കി. 87-ാം മിനിറ്റില്‍ നാലാം ഗോളുമെത്തിയതോടെ കേരളം ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു. കോര്‍ണര്‍ കിക്കിന് ശേഷം ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിന് ഒടുവില്‍ റോഷല്‍ വീണ്ടും വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റോഷല്‍ ഹാട്രിക്ക് നേടി. മണിപ്പുര്‍ വലയില്‍ അഞ്ചാം ഗോളും നേടി കേരളം ഫൈനലിലേക്ക്.

നേരത്തേ ഉച്ചതിരിഞ്ഞ് രണ്ടരയ്ക്ക് നടന്ന സെമിയില്‍ സര്‍വീസസിനെ തോല്‍പ്പിച്ചാണ് പശ്ചിമ ബംഗാള്‍ ഫൈനലില്‍ പ്രവേശിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സര്‍വീസസിന്റെ ആധികാരികമായ വിജയം. 47-ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ പ്രവേശിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!