കർണാടകയിലെ ബുൾഡോസർരാജ് കേരളത്തിൽ കനലാക്കാൻ സിപിഎം; കോൺഗ്രസിനെതിരേ ചിത്രങ്ങളുമായി റഹീമിന്‍റെ പത്രസമ്മേളനം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ മലബാറിലും മറ്റും യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണം നടന്നതായുള്ള വിലയിരുത്തലിനു പിന്നാലെ, കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ ‘ബുൾഡോസർ രാജ്’ കേരളത്തിൽ ചർച്ചയാക്കി സിപിഎം. ബെംഗളൂരൂവിലെ ഫക്കീർകോളനിയിലും വസിം ലേ ഔട്ടിലും ഇരുനൂറിലേറെ വീടുകൾ ഇടിച്ചുനിരത്തിയ കർണാടക സർക്കാരിന്റെ നടപടിയാണ് സിപിഎമ്മിന്റെ കൈയിൽ കിട്ടിയ വടി.
ബിജെപി മോഡലാണ് കോൺഗ്രസ് സർക്കാർ നടപ്പാക്കുന്നതെന്നാണ് ബുൾഡോസർരാജ് ഉയർത്തിക്കാട്ടി സിപിഎമ്മിന്റെ ആരോപണം. രാഹുൽഗാന്ധി തുറന്ന സ്നേഹത്തിന്റെ കടപൂട്ടിയോ എന്നാണ് സൈബറിടങ്ങളിലെ ചോദ്യം. യോഗി ആദിത്യനാഥിന്റെ പ്രതിരൂപമായി സിദ്ധരാമയ്യ മാറിയെന്ന് എ.എ. റഹീം ഞായറാഴ്ച പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ബിജെപിയും കോൺഗ്രസും തമ്മിലെന്താണ് വ്യത്യാസമെന്നു ചോദിച്ച റഹീം, കോളനികൾ ഇടിച്ചുനിരത്തിയതിന്റെ ചിത്രങ്ങളും ഉയർത്തിക്കാട്ടി. എ.എ. റഹീം കഴിഞ്ഞദിവസം ബെംഗളൂരു സന്ദർശിച്ചതും സിപിഎം നേതൃത്വത്തിന്റെ നിർദേശമനുസരിച്ചായിരുന്നു.
കോൺഗ്രസിനൊപ്പം ഇന്ത്യസഖ്യത്തിലുള്ള പാർട്ടിയായ സിപിഎമ്മിന്റെ എംപി കർണാടക സന്ദർശിച്ചതും ബുൾഡോസർ രാജിൽ സർക്കാരിനെ വിമർശിച്ചതുമൊക്കെ കന്നഡ-ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായി.
വർഷങ്ങളായി മുസ്‌ലിങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ ഇടിച്ചുനിരത്തിയതിനെ വിമർശിച്ചുള്ള പിണറായിയുടെ പ്രതികരണവും ശിവകുമാറിനെ പ്രകോപിതനാക്കി. തുടർന്ന്, കർണാടക സർക്കാരിന്റെ ആഭ്യന്തരവിഷയത്തിൽ കേരളസർക്കാർ ഇടപെടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യാഥാർഥ്യം മനസ്സിലാക്കണമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിക്കുകയും ചെയ്തു.
ബിജെപിയുടെ ക്രൂരമായ മാർഗങ്ങൾ അവലംബിക്കുകയാണ് കോൺഗ്രസെന്ന് മന്ത്രി എം.ബി. രാജേഷ് കുറ്റപ്പെടുത്തി. യുപി മോഡലല്ല കർണാടകയിലേതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾ കാര്യമായി പ്രതികരിച്ചിട്ടില്ല.

