KSDLIVENEWS

Real news for everyone

പ്രധാനമന്ത്രിയുടെ പള്ളി സന്ദര്‍ശനം വിദേശ ഭരണാധികാരികളെ കാണിക്കാനാകും: രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം

SHARE THIS ON

കൊച്ചി: ക്രിസ്മസ് ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദർശനത്തിനെതിരെ കത്തോലിക്ക സഭ മുഖപത്രം. ഹിന്ദുത്വ വർഗീയവാദികള്‍ അക്രമം അഴിച്ചുവിടുന്നതിനിടെയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാനാകുമെന്ന് ദീപിക പത്രത്തിലെ മുഖപ്രസംഗം വിമർശിക്കുന്നു. അല്ലായിരുന്നെങ്കില്‍ പ്രധാനമന്ത്രി ആക്രമണങ്ങളെ അപലപിക്കുകയെങ്കിലും ചെയ്യുമായിരുന്നു എന്നാണ് വിമർശനം. ‘വർഗീയത വാനോളം, നിവേദനം പോരാ’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.

സംഘപരിവാർ സംഘടനകളും ബിജെപി സർക്കാരുകളും ഭരണഘടനയെ നോക്കുകുത്തിയാക്കി ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ അക്രമം നടത്തി.യുപിയില്‍ ക്രിസ്മസ് അവധി നിഷേധിച്ചതും കേരള ലോക്ഭവനില്‍ പ്രവൃത്തി ദിനമാക്കിയതും ദീപിക ചൂണ്ടിക്കാട്ടുന്നു. ഈ വർഷം നവംബർ വരെ മാത്രം രാജ്യത്ത് ക്രൈസ്തവർക്കെതിരെ 706 ആക്രമണങ്ങളുണ്ടായി. വർഗീയതയ്ക്കെതിരെ ബിജെപി സർക്കാരുകള്‍ക്ക് നിവേദനം നല്‍കിയാല്‍ പോരാ, കോടതിയെ സമീപിക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ദീപികയുടെ മുഖപ്രസംഗത്തിന്‍റെ പൂർണരൂപം

ഗോള്‍വള്‍ക്കർ മുതല്‍ മോഹൻ ഭാഗവത് വരെ ഹിന്ദുരാഷ്‌ട്രത്തിനുവേണ്ടി എഴുതിയതും പ്രസംഗിച്ചതുമൊക്കെ ലക്ഷ്യം കാണാതെപോയത് നമ്മുടെ ഭരണഘടന കോട്ടപോലെ കവചമൊരുക്കിയതിനാലാണ്. പക്ഷേ, ആ കോട്ടയുടെ കാവല്‍ക്കാരാകേണ്ടിയിരുന്ന ഭരണകൂടത്തിന്‍റെ നിശബ്ദത, തടയപ്പെട്ടതിനെല്ലാം പിൻവാതില്‍ പ്രവേശനം നല്‍കുകയാണ്.

ഈ ഒളിച്ചുകടത്തിന്‍റെ ഏറ്റവും പുതിയ നാള്‍വഴിയിലൂടെയാണ്, ക്രിസ്മസിനു ക്രൈസ്തവർക്കെതിരേ രാജ്യമൊട്ടാകെ ആക്രമണങ്ങളുമായി സംഘപരിവാർ കടന്നുപോയത്. അർഥഗർഭവും കുറ്റകരവുമായ ഭരണകൂട നിശബ്ദതയ്ക്കൊപ്പം ദുർബലമായ പ്രതിപക്ഷവും നിയമപരമായ പരിഹാരങ്ങള്‍ നടത്തുന്നതിനു ശക്തമായ സംവിധാനമില്ലാത്ത ന്യൂനപക്ഷ നേതൃത്വങ്ങളും സ്ഥിതി വഷളാക്കി.

ബിജെപി സർക്കാരുകള്‍ക്കു നിവേദനം നല്‍കിയതുകൊണ്ടു മാത്രംപ്രശ്നപരിഹാരം സാധ്യമല്ല. ക്രിസ്മസിനു വർഗീയവാദികള്‍ അഴിച്ചുവിട്ട അക്രമങ്ങളെല്ലാം ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷാവകാശങ്ങള്‍ക്കുമെതിരാണ്; കോടതിയെ സമീപിക്കണം. രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളില്‍ ക്രൈസ്തവരും അവരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു.

കേരളത്തിലും പരീക്ഷണം നടത്തി. 11 വർഷത്തെ ബിജെപി ഭരണത്തില്‍ ക്രൈസ്തവർ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണം പുതിയ സംഭവമല്ല. ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുമ്ബോള്‍ പ്രധാനമന്ത്രിയുടെ മൗനവും പുതിയതല്ല. ബിജെപി സർക്കാരുകള്‍ക്കു കൊടുക്കുന്ന നിവേദനങ്ങള്‍ അവഗണിക്കപ്പെടുന്നതും പുതിയ കാര്യമല്ല. ചേർത്തുവായിക്കുമ്ബോള്‍ പരസ്പരബന്ധം ദൃശ്യമാണ്.

ഹിന്ദുത്വ വർഗീയവാദികള്‍ പുറത്ത് ക്രിസ്മസ് അലങ്കോലമാക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തപ്പോള്‍ പ്രധാനമന്ത്രി പള്ളിക്കുള്ളില്‍ പ്രാർഥിക്കാനെത്തിയത് ഈ രാജ്യത്തെ പൗരന്മാരെ കാണിക്കാനാകില്ല, ഒരു പക്ഷേ വിദേശരാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാനാകും. അല്ലായിരുന്നെങ്കില്‍ ആക്രമണങ്ങളെ അപലപിക്കുകയോ അതിനെതിരേ കർശന നിലപാട് സ്വീകരിക്കുകയോ ചെയ്യുമായിരുന്നു.

സംഘപരിവാറിന്‍റെ ആക്രോശങ്ങളേക്കാള്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത് ഈ നിശബ്ദതയാണ്. സംഘടനകള്‍ മാത്രമല്ല, ബിജെപി സർക്കാരുകളും ഭരണഘടനയെ നോക്കുകുത്തിയാക്കി. യുപിയില്‍ ക്രിസ്മസ് അവധി റദ്ദാക്കി. ഛത്തീസ്ഗഡില്‍ മതപരിവർത്തനത്തിനെതിരേ എന്നു പറഞ്ഞ് ഹിന്ദു സേവാ സമാജ് ക്രിസ്മസ് തലേന്ന് ബന്ദ് നടത്തി. വിവാദമായപ്പോള്‍ നിർബന്ധമില്ലെന്നു വിശദീകരിച്ചെങ്കിലും കേരള ലോക്ഭവനിലും ക്രിസ്മസ് പ്രവൃത്തിദിനമാക്കിയിരുന്നു.

2024ല്‍ മാത്രം ഇന്ത്യയില്‍ ക്രൈസ്തവർക്കെതിരായ 834 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ വർഷം നവംബർ വരെ 706 അക്രമങ്ങളുണ്ടായി. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്‍റെ കണക്കുകള്‍ ആധികാരികമല്ലെന്നാണ് ബിജെപി പറയുന്നത്. പക്ഷേ, അതിലേതാണ് തെറ്റെന്നു വിശദീകരിക്കുന്നുമില്ല. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവർക്കെതിരായ ആക്രമണം നാലും അഞ്ചും ഇരട്ടിയായി.

മിക്കതും മതപരിവർത്തനം ആരോപിച്ചാണ്. അതേസമയം, ഘർവാപ്പസിയെന്ന ഓമനപ്പേരിട്ടുള്ള ഹിന്ദുത്വയുടെ മതപരിവർത്തനത്തിനു തടസവുമില്ല. ബിജെപിയുടെ ദേശീയ നേതാക്കളിലേറെയും പഠിച്ചത്, ഈ ‘മതപരിവർത്തനക്കാരുടെ’ സ്കൂളിലായിരുന്നു. അന്നവർ നേതാക്കളായിരുന്നില്ല. മതം മാറിയുമില്ല.

ക്രൈസ്തവരുടെ ജനസഖ്യ വർധിക്കുന്നില്ലെന്ന കണക്കുകളെ ഖണ്ഡിക്കാൻ നിർബന്ധിത മതപരിവർത്തനത്തിന്‍റെ വ്യാജ വാധ്യാരന്മാർ കൊണ്ടുവന്ന പുതിയ പദമാണ് ക്രിപ്റ്റോ ക്രിസ്ത്യൻസ്! ക്രിസ്ത്യാനികളല്ലെങ്കിലും ക്രിസ്തുവിനെ അംഗീകരിക്കുകയോ ബൈബിള്‍ കൈവശം വയ്ക്കുകയോ ചെയ്യുന്നവരെയാകാം ഉദ്ദേശിച്ചത്.

അവരുടെ എണ്ണം സെൻസസില്‍ ഇല്ലാത്തതുകൊണ്ടാണത്രേ ക്രൈസ്തവ വിശ്വാസികളുടെ ശതമാനം കുറഞ്ഞിരിക്കുന്നത്. എത്രയോ ക്രിസ്ത്യാനികളുടെ വീടുകളിലും പള്ളിമുറികളിലും പോലും ഭഗവദ്ഗീതയും രാമായണവും വേദങ്ങളുമൊക്കെയുണ്ട്.

എന്തുകൊണ്ട് വർഗീയവാദികള്‍ അവരെ ക്രിപ്റ്റോ ഹിന്ദുക്കളെന്നു വിളിക്കുന്നില്ല? ക്രൈസ്തവർ ആക്രമിക്കപ്പെടുമ്ബോഴും കൊല്ലപ്പെടുമ്ബോഴും സംഘപരിവാറിനെപ്പോലും ലജ്ജിപ്പിക്കുന്ന ന്യായീകരണവുമായി വരുന്ന, ക്രൈസ്തവനാമധാരികളായ വർഗീയവാദികള്‍ ക്രിപ്റ്റോ ഹിന്ദുക്കള്‍ എന്നോ ക്രിപ്റ്റോ സംഘപരിവാർ എന്നോ അല്ലല്ലോ അറിയപ്പെടുന്നത്.

നിർബന്ധിത മതപരിവർത്തനമെന്ന വ്യാജം പോലെ, ക്രിസ്മസിനുപോലും ക്രിസ്ത്യാനികളെ തുല്യപൗരരായി കാണാത്തവരുടെ പുത്തൻ വളച്ചൊടിക്കലാണ് ക്രിപ്റ്റോ ക്രിസ്ത്യൻസ്! ബിജെപിക്കു വോട്ട് ചെയ്ത ക്രൈസ്തവരെയും ക്രിപ്റ്റോ കൂട്ടി വിളിക്കുമോയെന്നറിയില്ല. മറ്റൊരു നാടകം, നൈജീരിയയില്‍ നടക്കുന്നതു കണ്ടില്ലേ? സിറിയയില്‍ നടക്കുന്നതു കണ്ടില്ലേ, പാക്കിസ്ഥാനില്‍ നടക്കുന്നതു കണ്ടില്ലേ എന്ന സ്ഥിരം ചോദ്യമാണ്.

തെളിച്ചുപറയാം; കണ്ടു, നിങ്ങളേക്കാള്‍ മുമ്ബ്. അതിനെതിരേ പറ്റാവുന്ന വിധത്തിലൊക്കെ പ്രതികരിക്കുന്നുമുണ്ട്. ക്രിസ്ത്യാനികള്‍ മാത്രമല്ല, ഇരട്ടത്താപ്പില്ലാത്ത ക്രൈസ്തവരും ഹിന്ദുക്കളും മുസ്‌ലിംകളും പ്രതികരിക്കുന്നുണ്ട്.

മാത്രമല്ല, മതേതര ഭരണഘടനയാല്‍ ലോകത്തിനു മുന്നില്‍ തലയുയർത്തി നില്‍ക്കുന്ന ഇന്ത്യയെ, ന്യൂനപക്ഷങ്ങള്‍ക്കും സ്വന്തം മതത്തിലെ മൗലികവാദികളല്ലാത്തവർക്കും സ്ത്രീകള്‍ക്കും സ്വാതന്ത്ര്യമോ സമാധാനമോ കൊടുക്കാത്ത മതരാഷ്‌ട്രങ്ങളുമായാണോ താരതമ്യപ്പെടുത്തേണ്ടത്‍? ആ മതമൗലികവാദികളായ ഭരണാധികാരികള്‍ക്കു തുല്യരാണോ നമ്മുടെ ഭരണാധികാരികള്‍? മതരാഷ്‌ട്രങ്ങളില്‍ മാത്രം നടന്നുകൊണ്ടിരുന്നത് ഇപ്പോള്‍ ഇന്ത്യയിലും നടക്കുന്നു എന്നതാണ് നമ്മെ ആകുലപ്പെടുത്തേണ്ടത്.

ഇന്ത്യ ഹിന്ദുരാഷ്‌ട്രമാണെന്നും അതിനു ഭരണഘടനാ ഭേദഗതി ആവശ്യമില്ലെന്നും ആർഎസ്‌എസ് സർസംഘ ചാലക് മോഹൻ ഭാഗവത് കോല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെ ഇതുമായി ചേർത്തുവായിക്കേണ്ടതാണ്. വർഗീയതയെയും തീവ്രവാദത്തെയും തടയാനാകും. നോം ചോംസ്കി പറഞ്ഞതുപോലെ, അതില്‍ പങ്കെടുക്കാതിരിക്കുക.

ഇസ്‌ലാമിക തീവ്രവാദത്തെയും ഹിന്ദു-ക്രിസ്ത്യൻ വർഗീയതയെയും ഒരുപോലെ എതിർക്കണം. ഒന്നിനെ താലോലിച്ചുകൊണ്ട് മറ്റുള്ളവയെ എതിർക്കുന്ന വ്യക്തികളും രാഷ്‌ട്രീയ പാർട്ടികളുമാണ് ഇന്ത്യയിലെ വർഗീയതയെയും തീവ്രവാദത്തെയും പനപോലെ വളർത്തിയത്.

അനുദിനം മാരകമായിക്കൊണ്ടിരിക്കുന്ന വിഷത്തെ നേരിടാൻ പ്രസ്താവനകള്‍ക്കപ്പുറം മതേതര പാർട്ടികള്‍ക്കു കാലാനുസൃതവും സമയബന്ധിതവുമായ പദ്ധതി വേണം. ന്യൂനപക്ഷ മതനേതാക്കള്‍ കോടതിയെ സമീപിക്കണം. ദേശീയതലത്തില്‍ നിയമനടപടികള്‍ ക്രോഡീകരിക്കാൻ സംവിധാനമുണ്ടാകണം.

വികസനപദ്ധതികളോ ആത്മവിശ്വാസമോ ഇല്ലാത്ത പാർട്ടികള്‍ക്കാണ് മതധ്രുവീകരണത്തിന്‍റെ ആവശ്യമുണ്ടാകുന്നതെന്ന് ജനം അറിയണം. കൈ കോർത്തു നിന്നാല്‍ വർഗീയതയെയും തീവ്രവാദത്തെയും തുരത്താനാകും. പക്ഷേ, കൈകോർക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!