കേരളം 167 റൺസിന് പുറത്ത്; വിജയ് ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരേ 47 റൺസ് തോൽവി

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് 47 റൺസ് തോൽവി. ഗ്രൂപ്പ് എ മത്സരത്തിൽ മധ്യപ്രദേശാണ് കേരളത്തെ തോൽപ്പിച്ചത്. മധ്യപ്രദേശ് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 167 റൺസിന് പുറത്തായി.
മധ്യപ്രദേശിനെ 214 റൺസിന് എറിഞ്ഞിട്ട കേരളം വിജയിച്ചുകയറാമെന്ന് പ്രതീക്ഷിച്ചാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ, തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. 39 റൺസിനിടെ ടീമിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. കൃഷ്ണ പ്രസാദ്(4), അങ്കിത് ശർമ(13), രോഹൻ കുന്നുമ്മൽ(19) എന്നിവർ വേഗം കൂടാരം കയറി. പിന്നീട് വന്നവരും നിരനിരയായി മടങ്ങിയതോടെ കേരളം വലിയ തകർച്ച നേരിട്ടു.
സൽമാൻ നിസാറും മുഹമ്മദ് ഷറഫുദ്ദീനും മാത്രമാണ് അൽപ്പമെങ്കിലും നിലയുറപ്പിച്ച് ബാറ്റേന്തിയത്. സൽമാൻ നിസാർ 30 റൺസെടുത്തപ്പോൾ ഷറഫുദ്ദീൻ 29 പന്തിൽനിന്ന് 42 റൺസെടുത്തു. വിഷ്ണു വിനോദ് 20 റൺസെടുത്ത് പുറത്തായി. മറ്റുള്ളവർ നിരാശപ്പെടുത്തിയതോടെ 167 റൺസിന് കേരളം ഓൾഔട്ടായി. മധ്യപ്രദേശിനായി ശുഭം ശർമ മൂന്ന് വിക്കറ്റെടുത്തു.
ആദ്യം ബാറ്റുചെയ്ത മധ്യപ്രദേശ് 214 റൺസിന് പുറത്തായിരുന്നു. അർധ സെഞ്ചുറി തികച്ച ഹിമാൻഷു മൻത്രിയുടെ ഇന്നിങ്സാണ് ടീമിനെ കരകയറ്റിയത്. താരം 105 പന്തിൽനിന്ന് 93 റൺസെടുത്തു. ത്രിപുരേഷ് സിങ് 25 പന്തിൽനിന്ന് 37 റൺസെടുത്തപ്പോൾ ഹർഷ് ഗവാളി 22 റൺസെടുത്ത് പുറത്തായി. മറ്റാർക്കും കാര്യമായി പിടിച്ചുനിൽക്കാനായില്ല. കേരളത്തിനായി അങ്കിത് ശർമ നാലു വിക്കറ്റും ബാബ അപരാജിത് മൂന്നു വിക്കറ്റുമെടുത്തു.

