മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തിന്, ഗൃഹസന്ദർശനം, ജാഥ: തോൽവിക്ക് പിന്നാലെ വൻ പദ്ധതികളുമായി സി.പി.എം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ തിരിച്ചുവരവിനുള്ള വൻപദ്ധതികളുമായി സിപിഎം. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും എംപിമാരും ഒന്നടങ്കം സമരത്തിലേക്കിറങ്ങിയും പ്രവർത്തകർ വീടുകൾ സന്ദർശിച്ചും സംവദിച്ചും നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയെ ഒരുക്കാനുള്ള പദ്ധതികളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്.
അമിത ആത്മവിശ്വാസവും സംഘടനാ ദൗർബല്യങ്ങളും പ്രാദേശിക വീഴ്ചകളും തിരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ചെന്ന വിലയിരുത്തലിന് പിന്നാലെയാണ് ഇത് പരിഹരിക്കാൻ വലിയ സമരപരിപാടികളും മറ്റും ആസൂത്രണം ചെയ്തിരിക്കുന്നത്. മറ്റത്തൂരിലെ കൂറുമാറ്റം അടക്കം ആയുധമാക്കി കോൺഗ്രസിനെതിരായും തൊഴിലുറപ്പ് പദ്ധതി ചൂണ്ടിക്കാട്ടി ബിജെപിക്കെതിരായുമുള്ള പ്രചാരണങ്ങളാണ് നടത്തുക.
ജനുവരി 15 മുതൽ 22 വരെ കേരളത്തിലെ എല്ലാ വീടുകളിലും സന്ദർശനം നടത്തി പാർട്ടിക്കുണ്ടായ പരാജയം ഉൾപ്പടെയുള്ള കാര്യങ്ങൾ അവതരിപ്പിച്ച് തുറന്ന സംവാദത്തിന് തയ്യാറാകും. പാർട്ടി നേതൃത്വം മുതൽ താഴെ തലം വരെയുള്ള മുഴുവൻ ആളുകളും ഒരാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ഗൃഹസന്ദർശന പരിപാടിയിൽ പങ്കെടുക്കും. ജനുവരി 22-ന് ശേഷം കുടുംബ യോഗങ്ങൾ നടത്തും. ഒരു വാർഡിൽ ഒരു യോഗം എന്ന രീതിയിലാകും നടത്തുക. ശേഷം ഓരോ ലോക്കൽ കമ്മിറ്റിയും പൊതുയോഗം നടത്തും.
കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിൽ പ്രതിഷേധിച്ച് ശക്തിയായ പ്രക്ഷോഭ പരിപാടികളും ഇതോടൊപ്പം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനുവരി 12-ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയും മന്ത്രിസഭാ അംഗങ്ങളും സത്യാഗ്രഹ സമരം നടത്തും. എംഎൽഎമാരും എംപിമാരും എൽഡിഎഫ് നേതാക്കളും ഇതിൽ പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങൾക്കെതിരായും കേരളത്തിനെതിരായ അവഗണനയ്‌ക്കെതിരായിട്ടുമാണ് സമരം. മതനിരപേക്ഷത സംരക്ഷിക്കാനുള്ള രാഷ്ട്രീയം ഉന്നം മുന്നോട്ട് വെച്ച് സംസ്ഥാനത്ത് മൂന്ന് വാഹന പ്രചാരണ ജാഥ നടത്താനും എൽഡിഎഫ് തീരുമാനിച്ചതായി എം.വി. ഗോവിന്ദൻ പറഞ്ഞു. ഫെബ്രുവരി ഒന്ന് മുതൽ 15 വരെയാണ് ജാഥ നടത്തുക.
തൊഴിലുറപ്പ് പദ്ധതിക്കെതിരായ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് ജനുവരി അഞ്ചാം തീയതി 23000 വാർഡുകളിൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷണ അസംബ്ലി സംഘടിപ്പിക്കും. ഈ പരിപാടിയിൽ രാജ്ഭവനിലേക്കുള്ള മാർച്ചിന് പ്രഖ്യാപനം നടത്തും. കേരളം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റമാകും ഇത്. ജനുവരി 15-നാണ് ഇത് നടത്തുക. ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലുമാണ് പ്രതിഷേധം നടത്തുകയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.
ഏത് നിമിഷവും ഏത് കോൺഗ്രസുകാരനും ബിജെപിയിലേക്ക് ചേക്കാറാൻ നേരിയ നൂൽതടസ്സം പോലുമില്ല എന്നതാണ് കേരളത്തിൽ കാണുന്ന പ്രധാനപ്പെട്ട ചിത്രമെന്ന് എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കേരളത്തെ വീണ്ടെടുക്കുക എന്നത് വർഗീയ ശക്തികൾക്കെതിരായ കടുത്ത പോരാട്ടത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്ന് തിരഞ്ഞെടുപ്പ് അവലോകനത്തിൽ തങ്ങൾക്ക് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
‘കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കുന്ന പ്രചാരണരീതികളാണ് ബിജെപിയും യുഡിഎഫും ചെയ്തത്. ജനമനസ്സുകളിൽ ഇവർ വിതറിയ ഈ വിഷം ഒഴിവാക്കുന്നതിന് വേണ്ടി കേരളം മതനിരപേക്ഷമായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ജാഗ്രതയോടെ ഇക്കാര്യം മനസ്സിലാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. ബിജെപിയുടെ ബി ടീം ആകാനുള്ള കോൺഗ്രസ് പരിശ്രമം സ്വന്തം അണികളിൽതന്നെ പ്രതികൂല അവസ്ഥ സൃഷ്ടിക്കും. ഇടതുമുന്നണിയുടെ പത്ത് വർഷക്കാലം ഒരു വർഗീയ സംഘർഷവും ഇല്ലാതെ മുന്നോട്ട് പോയി എന്നത് റെക്കോഡാണ്.
‘മതനിരപേക്ഷതയുടെ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ശക്തമായ പ്രചാരവേല കേരളത്തിൽ ഉടനീളം എല്ലാ വീടുകളിലും എത്തിക്കും.’ ഗോവിന്ദൻ പറഞ്ഞു.

