പെരിയ മൂന്നാം ജലസംഭരണി വൃത്തിയാക്കാനിറങ്ങിയവർ അപകടത്തിൽപ്പെട്ടു; നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂന്ന് ജീവനുകൾ രക്ഷിക്കാനായി

രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ
പെരിയ: മൂന്നാംകടവിൽ ജലസംഭരണി വൃത്തിയാക്കാനിറങ്ങിയ പശ്ചിമബംഗാൾ സ്വദേശികളായ നാല് തൊഴിലാളികൾ അപകടത്തിൽപ്പെട്ടു.
ഹാഷിം ചൗധരി, സിറാജ്, ഷിഹാദർ, നൂർആലം എന്നിവരാണ് ശ്വാസതടസ്സം നേരിട്ട് അബോധാവസ്ഥയിലായത്. ഇവർ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അറ്റകുറ്റപ്പണികൾ നടത്തിയതിനാൽ മാലിന്യങ്ങൾ നീക്കാനാണ് സംഭരണിയിലിറങ്ങിയത്.
ജലനിരപ്പിൽനിന്ന് 12 മീറ്റർ ആഴത്തിൽ പണിത സംഭരണിയിൽ വായുവും വെളിച്ചവും നന്നേ കുറവായിരുന്നു. താഴെയിറങ്ങിയ നാലുപേരിൽ ഒരാൾ അസ്വസ്ഥതകളെത്തുടർന്ന് നേരത്തേ പുറത്തേക്കിറങ്ങി. തുടർന്നാണ് ബാക്കി മൂന്നുപേർ അബോധാവസ്ഥയിലായത്. സഹ തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാരെത്തിയാണ് ഇവരെ പുറത്തെടുത്തത്. കുറ്റിക്കോൽ അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാർ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയിരുന്നു. മൂന്നാംകടവ് പുഴയിൽനിന്ന് സംഭരണിയിലേക്ക് വെള്ളം ശേഖരിച്ച് ഭൂഗർഭമാർഗം കേന്ദ്ര സർവകലാശാലയിലേക്ക് വെള്ളമെത്തിക്കാൻ ജല അതോറിറ്റി പണിത സംഭരണിയാണിത്.
പെരിയ: മൂന്നാംകടവിൽ ജലസംഭരണിയിലകപ്പെട്ട് അബോധാവസ്ഥയിലായ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്തിയത് നാട്ടുകാരായ നാലുപേർ ചേർന്നാണ്.
അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും തൊഴിലാളികളെ കെ.വി.മോഹനൻ, എം.മണികണ്ഠൻ, റഷീദ്, കെ.വി.കുഞ്ഞിക്കണ്ണൻ എന്നിവർ ചേർന്നാണ് പുറത്തെടുത്തത്. രക്ഷപ്പെടുത്താൻ മിനുട്ടുകൾ വൈകിയിരുന്നെങ്കിൽ മരണം സംഭവിക്കുമായിരുന്നു. തൊഴിലാളികളെ പുറത്തെടുക്കുമ്പോൾ ശ്വസിക്കാൻ കഴിയാതെ തീർത്തും അവശരായിരുന്നു. ഒരുസമയം ഒരാൾക്കുമാത്രം പുറത്തിറങ്ങാൻ കഴിയുന്ന മാൻഹോളിലൂടെയാണ് പുറത്തേക്കിറങ്ങേണ്ടത്. ഒറ്റ നോട്ടത്തിൽത്തന്നെ രക്ഷാപ്രവർത്തനം ഏറെ ദുർഘടമായ സ്വന്തം ജീവൻ പണയപ്പെടുത്തി തൊഴിലാളികളെ രക്ഷപ്പെടുത്തിയതിന് കുറ്റിക്കോൽ അഗ്നിരക്ഷാ സേന ഇവരെ ആദരിക്കാൻ ഒരുങ്ങുകയാണ്.
സാഹസികമായ കാര്യങ്ങൾ ചെയ്യാൻ പരിശീലനം ലഭിച്ച സേനയ്ക്കുപോലും അപകടസ്ഥലം കണ്ടതിനുശേഷം രക്ഷാപ്രവർത്തനം നടത്തിയതിനെക്കുറിച്ച് ആലോചിച്ച് അമ്പരപ്പാണ് ഉണ്ടായതെന്ന് സ്റ്റേഷൻ ഓഫീസർ സാജി ജോസഫ് പറഞ്ഞു. മൂന്നാംകടവിലെ വളവിൽ ഉണ്ടാകുന്ന വാഹനാപകടങ്ങളിലും പുഴയിലെ രക്ഷാപ്രവർത്തനങ്ങളിലും ഇതേ സംഘം മുൻപന്തിയിൽത്തന്നെ ഉണ്ടായിരുന്നു.

