നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലം പണി പുരോഗമിക്കുന്നു : എട്ട് തൂണുകൾ ഒരുങ്ങി

നീലേശ്വരം: പള്ളിക്കര റെയിൽവേ മേൽപ്പാലത്തിന്റെ എട്ടുതൂണുകളും ഒരുങ്ങി. റെയിൽവേയുടെ അധീനതയിലുള്ള സ്ഥലത്ത് തൂണുകൾ സ്ഥാപിക്കാനുള്ള അനുമതി ലഭിച്ച് മൂന്ന് മാസംകൊണ്ടാണ് ബാക്കിയായിരുന്ന നാല് തൂണുകൾ നിർമിച്ചത്. ദേശീയപാതാ അതോറിറ്റിയുടെ കൈവശമുള്ള സ്ഥലത്തെ നാല് തൂണുകൾ നേരത്തെതന്നെ പൂർത്തീകരിച്ചിരുന്നു. 2020 സെപ്റ്റംബറിലായിരുന്നു തൂൺ നിർമിക്കാൻ റെയിൽവേ അനുമതി നൽകിയത്. അപേക്ഷ നൽകി മൂന്ന് വർഷത്തിനുശേഷമായിരുന്നു അത്. ഇതാണ് പണി നീണ്ടുപോകാൻ പ്രധാന കാരണമായത്.
ഒടുവിൽ നിർമിച്ച തൂണുകളിൽ ഒരെണ്ണത്തിന്റെ പിയർ കാപ്പിടൽ പൂർത്തിയായി. ബാക്കി മൂന്നെണ്ണത്തിന്റെ പ്രവൃത്തി ഫെബ്രുവരി 15-ഓടെ പൂർത്തീകരിക്കും. പിന്നീട് ഗൈഡറുകൾ സ്ഥാപിക്കും.
വേഗത്തിലും എളുപ്പത്തിലും പണി പൂർത്തീകരിക്കുന്ന (ഇ.പി.സി.) മാതൃകയിലാണ് പണി. പാലം പണി നടക്കുമ്പോൾ വാഹനങ്ങൾ പോകാനുള്ള രണ്ട് താത്കാലിക റോഡിന്റെ പണിയും നാല് കലുങ്കിന്റെ പണിയും ഇതിനോടകം പൂർത്തീകരിച്ചു. മേയ് മാസത്തോടെ പാലം പണി പൂർത്തീകരിക്കാനാണ് നിർമാണ ചുമതലയുള്ള എറണാകുളത്തെ ഇ.കെ.കെ. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനി അധികൃതരുടെ ശ്രമം.
780 മീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലും നാലുവരിയായാണ് പാലം നിർമിക്കുക. പിന്നീട് ആറുവരിയാക്കാൻ കഴിയുംവിധമാണ് നിർമാണം. മേൽപ്പാലം, അനുബന്ധ റോഡ് നിർമാണം, സൂപ്പർവിഷൻ ചാർജ് തുടങ്ങിയവയ്ക്കായി 64.44 കോടി രൂപയാണ് പദ്ധതി ചെലവ്. 2018 മാർച്ചിലാണ് ടെൻഡർ അംഗീകരിച്ചത്. സെപ്റ്റംബർ അവസാനത്തോടെയാണ് പൈലിങ് പ്രവൃത്തികൾ തുടങ്ങിയത്. ഒക്ടോബർ 30-നായിരുന്നു നിർമാണോദ്ഘാടനം.

