KSDLIVENEWS

Real news for everyone

കോവിഡ് മരണം കുറയ്ക്കാനായത് നേട്ടമെന്ന് ആരോഗ്യമന്ത്രി: ബാക്ടു ബേസിക്സ് കാമ്പയിന് തുടക്കം

SHARE THIS ON

തിരുവനന്തപുരം: ആത്മവിശ്വാസത്തോടെ പറയും, ഇനിയും ധീരമായി നിൽക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തിരിഞ്ഞു നോക്കുമ്പോൾ ഏറെ അഭിമാനമുണ്ട്. കോവിഡിനെതിരെ കേരളം ശക്തമായ പ്രതിരോധമാണ് തീർത്തത്. കോവിഡ് വ്യാപനം നിലനിൽക്കുന്ന സമയത്ത് കോവിഡ് പ്രതിരോധത്തിൽ നമ്മൾ ആദ്യം പഠിച്ച പാഠങ്ങൾ മറക്കാതിരിക്കാം. അതിനായാണ് ബാക് ടു കാമ്പയിൻ സംഘടിപ്പിക്കുന്നത്. സോപ്പും മാസ്കും സാമൂഹിക അകലവും മറക്കരുത്. നമ്മൾ തുടർന്നുവന്ന കാര്യങ്ങൾ ശക്തമായി പിന്തുടരണമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യ കോവിഡ് കേസിന്റെ വാർഷിക ദിനത്തിൽ എസ്.എച്ച്.എസ്.ആർ.സി.യിൽ സംഘടിപ്പിച്ച ബാക് ടു ബേസിക്സ് കാമ്പയിൻ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡിനെതിരായുള്ള പോരാട്ടം സംസ്ഥാനം തുടങ്ങിയിട്ട് ഒരു വർഷത്തിലധികം കാലമായി. കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെപ്പറ്റി ഒരുപാട് അഭിനന്ദനങ്ങളും വിമർശനങ്ങളും സംശയങ്ങളുമെല്ലാമുണ്ടായി. വിമർശനങ്ങൾ പോസിറ്റീവായി സ്വീകരിക്കുന്നു. അനാവശ്യമായ വിമർശനങ്ങൾക്ക് അതിന്റെ വസ്തുതകൾ തുറന്നുകാട്ടുക എന്ന സമീപനമാണ് സ്വീകരിച്ചത്. ലോകത്തെല്ലായിടത്തും കോവിഡിനെപ്പറ്റി നിരന്തരം പഠനം നടക്കുകയാണ്. കേരളത്തിന്റെ രോഗ പ്രതിരോധത്തിൽ പല രാജ്യങ്ങൾക്കും മറ്റ് സംസ്ഥാനങ്ങൾക്കും താത്പര്യം തോന്നിയതുകൊണ്ടാണ് ചില കാര്യങ്ങൾ അവർ സ്വീകരിച്ചത്.

കോവിഡ് പ്രതിരോധത്തിന് പലരും പല മാർഗങ്ങളാണ് ചെയ്തത്. കേരളം ആരെങ്കിലും ചെയ്യുന്നത് പകർത്തുകയല്ല ചെയ്തത്. സംസ്ഥാനത്ത് കോവിഡ് എത്തുന്നതിന് മുമ്പ് വലിയ മുന്നൊരുക്കം ചെയ്തതിനാലാണ് നന്നായി പ്രതിരോധിക്കാൻ കഴിഞ്ഞത്. കോടികൾ ചെലവഴിച്ചാണ് ആശുപത്രികളിൽ ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയത്. പണം ഒരു തടസമല്ലെന്നാണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറഞ്ഞത്. ഒരു നിമിഷം പോലും വിശ്രമിക്കാതെയാണ് കേരളം വലിയ പ്രവർത്തനം നടത്തിയത്.

ട്രെയിസ്, ക്വാറന്റൈൻ, രോഗലക്ഷണം ഉള്ളവരെ പരിശോധന, ചികിത്സ എന്ന കേരളം ആവിഷ്ക്കരിച്ച രീതി ലോകം അംഗീകരിച്ചതാണ്. ഇന്ത്യയിൽ ബ്രേക്ക് ദ ചെയിൻ കൊണ്ടുവന്നത് കേരളമാണ്. അത് വലിയ കാമ്പയിനായി മാറി. അന്നും ഇന്നും ബ്രേക്ക് ദ ചെയിൻ ഒരു പോലെ പ്രസക്തമാണ്.

ഇത്തരമൊരു ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് പിടിച്ചുനിൽക്കാനായത് വലിയ പ്രവർത്തനങ്ങൾ കൊണ്ടാണ്. മരണം കുറയ്ക്കുക എന്നതായിരുന്നു ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം. റിവേഴ്സ് ക്വാറന്റൈൻ ഫലപ്രദമായി നടത്തി. ആയിരക്കണക്കിന് വിവിധ വിഭാഗം ജീവനക്കാരും സന്നദ്ധ പ്രവർത്തകരും ഫീൽഡിലിറങ്ങി വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. അന്ന് കേരളം നടത്തിയ പ്രവർത്തനങ്ങളെയാണ് ലോകം അഭിനന്ദിച്ചത്.

മരണനിരക്ക് എപ്പോഴും കുറയ്ക്കാനാണ് സംസ്ഥാനം ശ്രമിച്ചത്. സർക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലിന്റെ ഫലമായിട്ടാണ് നമുക്ക് മരണനിരക്ക് വളരെ കുറക്കാൻ സാധിച്ചത്. ലോകാരോഗ്യ സംഘടന മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാൻ കഴിഞ്ഞാൽ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോൾ നമുക്ക് മരണനിരക്ക് 0.4 ആയി കുറയ്ക്കാൻ സാധിച്ചു. ഇതാണ് ലോക രാഷ്ട്രങ്ങളുടേയും അന്താരാഷ്ട്ര സംഘടനകളുടേയും അഭിനന്ദനത്തിന് കാരണമായത്. കൂടുതൽ അപകടത്തിലേക്ക് പോകാതെ ലക്ഷണം കാണുമ്പോൾ തന്നെ അവർക്ക് വിദഗ്ധ ചികിത്സ നൽകി. കേസ് വർധിച്ചപ്പോഴും മരണനിരക്ക് കുറയ്ക്കാൻ സാധിച്ചു.

സംസ്ഥാനം കോവിഡ് പരിശോധന കുറച്ചിട്ടില്ല. രോഗലക്ഷണം കാണുന്നവരേയാണ് പരിശോധിച്ചത്. ക്ലസ്റ്ററിൽ എല്ലാവരേയും പരിശോധിക്കുന്നതാണ്. വൈറസിന്റെ വ്യാപനം നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ വളർച്ചയുടെ വേഗതയെക്കാൾ താഴെ നിർത്താൻ നമുക്ക് സാധിച്ചു. നമുക്ക് ഇപ്പോഴാണ് വ്യാപനം വരുന്നത്. മരിച്ചു പോകുമായിരുന്ന പലരേയും ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു. കേരളത്തിലെ മാധ്യമങ്ങൾ നല്ല സഹകരണമാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. ബി. ഇക്ബാൽ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാർ, മെഡിക്കൽ കോളേജ് അസോ. പ്രൊഫസർ ഡോ. ടി.എസ്. അനീഷ്., മെഡിക്കൽ കോളേജ് ഇൻഫെഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ് എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!