യുഎഇ ഗോള്‍ഡന്‍ വീസ: ജോലിയില്ലെങ്കിലും ലഭിക്കും, അർഹതയുള്ള 5 വിഭാഗങ്ങൾക്ക് മാത്രം

ദുബായ് ∙ യുഎഇയില്‍ ഗോള്‍ഡന്‍ വീസ ആരംഭിച്ചത് 2019 ലാണ്. രാജ്യത്ത് മികച്ച സംഭാവനകള്‍ നല്കുന്നവർക്കാണ് തുടക്കത്തില്‍ ഗോള്‍ഡന്‍ വീസ നല്‍കിയിരുന്നതെങ്കിലും പിന്നീട് കൂടുതല്‍ ഇളവുകള്‍ നല്കി. ഇതോടെ കൂടുതല്‍ പേർക്ക് ഗോള്‍ഡന്‍ വീസ ലഭിച്ചു. 10 വർഷത്തേക്കുളള യുഎഇ താമസവീസയാണ് ഇതിലെ പ്രധാന ആകർഷണം. യുഎഇയില്‍ താമസ വീസയെടുക്കുമ്പോള്‍ സ്പോണ്സർ ആവശ്യമാണ്. ജോലി ചെയ്യുന്ന കമ്പനിയോ യുഎഇ താമസവീസയുളള കുടുംബാംഗമോ സ്പോണ്‍സറാകാം. എന്നാല്‍ ഗോള്‍ഡന്‍ വീസയ്ക്ക് സ്പോണ്സർ ആവശ്യമില്ല. സാധാരണ വീസകളെപ്പോലെ രണ്ടോ മൂന്നോ വർഷം കൂടുമ്പോള്‍ പുതുക്കേണ്ടതില്ലെന്ന സൗകര്യവും ഗോള്‍ഡന്‍ വീസയ്ക്കുണ്ട്. ഗോള്‍ഡന്‍ വീസയുളളവരുടെ പങ്കാളിയെയും കുട്ടികളെയും അവർക്ക് സ്പോണ്സർ ചെയ്യാം. പെണ്മക്കള് അവിവാഹിതരാണെങ്കില്‍ എത്രവയസുവരെയും അവരെ സ്പോണ്സർ ചെയ്യാം. ആണ്‍കുട്ടികളെ സ്പോണ്സർ ചെയ്യുന്നതിനുളള പ്രായപരിധി 18 ല്‍ നിന്ന് 25 ആയി ഉയർത്തുകയും ചെയ്തിരുന്നു. ഗോള്‍ഡന്‍ വീസയുളളവർക്ക് സ്പോണ്സർ ചെയ്യാന്‍ കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിലും പരിധിയില്ല. മാത്രമല്ല രാജ്യത്തിന് പുറത്ത് ആറുമാസത്തിലധികം നിന്നാലും വീസ റദ്ദാകില്ലെന്നുളളതും പ്രധാനമാണ്. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ കണക്ക് അനുസരിച്ച് 2023 ന്റെ ആദ്യപകുതിയില്‍ ഗോള്‍ഡന്‍ വീസകള്‍ നല്കുന്നതില് 52 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 2022 നവംബർ വരെയുളള കണക്ക് അനുസരിച്ച് ദുബായ് ഇതുവരെ 1,50,000 ലധികം ഗോള്‍ഡന്‍ വീസകള്‍ നല്‍കിയിട്ടുണ്ട്. ആരോഗ്യമേഖലയില്‍ പ്രവർത്തിക്കുന്നവർ, മാധ്യമ-ഐടി മേഖല എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവർക്കും മാസ വരുമാനം 30,000 ദിർഹത്തിന് മുകളില്‍ ലഭിക്കുന്ന മറ്റ് മേഖലയിലുളളവർക്കും ഗോള്‍ഡന്‍ വീസയ്ക്ക് അർഹതയുണ്ട്. എന്നാല്‍ ജോലിയെന്ന മാനദണ്ഡമില്ലാതെ വിവിധ വിഭാഗങ്ങള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കും.

