ഗസ്സ വെടിനിര്‍ത്തല്‍ കരാറിലെ മൂന്നാംഘട്ട ബന്ദി കൈമാറ്റം ഇന്ന്; ട്രംപിന്റെ പശ്ചിമേഷ്യൻ പ്രതിനിധി ഇസ്രായേലില്‍
ഗസ്സ സിറ്റി: വെടിനിർത്തല്‍ ആദ്യഘട്ടത്തിന്റെ ഭാഗമായുള്ള മൂന്നാമത് ബന്ദികൈമാറ്റവും തടവുകാരെ വിട്ടയക്കലും ഇന്ന്.
അർബല്‍ യെഹോദ് ഉള്‍പ്പെടെ മൂന്ന് വനിതാ ബന്ദികളെയും അഞ്ച് തായ്ലാന്റ് തൊഴിലാളികളെയും ഇന്ന് മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. 29കാരി അർബല്‍ യെഹോദിനു പുറമെ എണ്പതു വയസുള്ള ഗാദി മോസസ്, ഇസ്രായേല്‍ വനിതാ സൈനിക അഗാം ബെർഗർ എന്നിവരെയാണ് ഇന്ന് ഹമാസ് കൈമാറുക. ശനിയാഴ്ച നടക്കേണ്ട ബന്ദിമോചനം ഇസ്രായേല്‍ ആവശ്യപ്രകാരം മധ്യസ്ഥ രാജ്യങ്ങളുടെ ഇടപെടലിനെ തുടർന്ന് ഇന്നേക്ക് മാറ്റുകയായിരുന്നു.
അതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് ഇസ്രായേലിലെത്തി നേതാക്കളുമായി ചർച്ച ആരംഭിച്ചു. ഗസ്സയിലെ നെത്സറിം, ഫിലാഡല്‍ഫി ഇടനാഴികളിലും അദ്ദേഹം സന്ദർശനം നടത്തി. ഈ മാസം 19ന് നിലവില്‍ വന്ന വെടിനിർത്തല്‍ കരാറിന്റെ പുരോഗതി വിലയിരുത്തുകയും തുടർ ചർച്ചകള്‍ക്ക് വഴിയൊരുക്കുകയുമാണ് സ്റ്റിവ് വിറ്റ്കോഫിന്റെ സന്ദർശന ലക്ഷ്യം.
വെടിനിർത്തല്‍ കരാറിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ സംബന്ധിച്ച് ഔപചാരിക ചർച്ച തിങ്കളാഴ്ച ദോഹയില്‍ ആരംഭിക്കാനിരിക്കെ, ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായുള്ള സ്റ്റിവ് വിറ്റ്കോഫിന്റെ കൂടിക്കാഴ്ച നിർണായകമാകും.
മൂന്ന് ദിവസം മുമ്ബാണ് ഫലസ്തീനികള്‍ക്ക് വടക്കൻ ഗസ്സയിലേക്ക് മടങ്ങാൻ ഇസ്രായേല്‍ അനുമതി നല്‍കിയത്. ഇതിനകം അഞ്ച് ലക്ഷത്തിലേറെ ഫലസ്തീനികളാണ് വടക്കൻ ഗസ്സയില്‍ തിരിച്ചെത്തിയത്.പതിനഞ്ചു മാസം നീണ്ട യുദ്ധത്തിലൂടെ ഇസ്രായേല്‍ തകർത്തെറിഞ്ഞ പ്രദേശത്ത് തിരിച്ചെത്തിയ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂർണമാണ്. ‘യുനർവ’ ഏജൻസിക്ക് ഇസ്രായേല്‍ വിലക്ക് ഏർപ്പെടുത്തിയത് ഗസ്സയിലുടനീളം ഭക്ഷ്യസഹായ വിതരണവും പ്രതിസന്ധിയിലാക്കി.
യുനർവ വിലക്ക് ഉടൻ പിൻവലിക്കണമെന്ന് യുഎന്നും അറബ് മുസ്ലിം രാജ്യങ്ങളും ആവശ്യപ്പെട്ടു.