ചുറ്റിച്ച് ദേശീയപാത; ഫ്ലൈ ഓവർ വന്നാലും അഗ്നിശമന സേനയുടെ ദുരിതം ഒഴിയില്ലെന്ന് ആശങ്ക

കാസർകോട്: ഫ്ലൈ ഓവർ വന്നാലും കാസർകോട് അഗ്നിശമന സേനയുടെ ദുരിതം ഒഴിയില്ല. കറന്തക്കാട് ജംക്ഷനിൽ നിന്ന് അഗ്നിശമന സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡ് 2 വരി പാത ആയാൽ പ്രശ്നം പരിഹരിക്കാമെന്ന് പറയുന്നുണ്ടെങ്കിലും അധികൃതർക്ക് ഇനി എന്തു ചെയ്യാൻ കഴിയുമെന്നാണ് ചോദ്യം ഉയരുന്നത്. ഫയർസ്റ്റേഷനിൽ നിന്ന് വാഹനത്തിന് പുറത്തേക്കു കടക്കുന്നതിനു തടസ്സം ഇല്ലെങ്കിലും തിരിച്ചു സ്റ്റേഷനിൽ എത്തണമെങ്കിൽ ട്രാഫിക് ബ്ലോക്ക് ചെയ്യണം എന്നതാണ് സ്ഥിതി. ഇത് അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് ഉൾപ്പെടെ മറ്റു വാഹനങ്ങൾക്ക് കടന്നു പോകുന്നതിനു പ്രയാസമാകും. 2 വരി പാത സൗകര്യത്തിൽ വീതി ഇവിടെ ഉണ്ടാക്കാൻ കഴിയുമെന്ന് പറയുന്നു.
നേരത്തെ ഇക്കാര്യം അധികൃതർ ബന്ധപ്പെട്ടവരെ അറിയിക്കാത്തതും നിർമാണം സംബന്ധിച്ച് വ്യക്തത ഇല്ലാത്തതും അഗ്നിശമന സ്റ്റേഷനു പ്രത്യേക പരിഗണന കിട്ടുമെന്ന പ്രതീക്ഷയായിരുന്നു ദേശീയപാത വികസനം അവസാന ഘട്ടത്തിലെത്തിയിട്ടും ഈ കുരുക്ക് തുടരാൻ ഇടയാക്കിയത്. സമീപത്തെ പെട്രോൾ ബങ്കിൽ കാസർകോട് ഭാഗത്തു നിന്നു പോകുന്ന ടാങ്കർ വാഹനങ്ങൾക്കും ഇതേ അസൗകര്യമുണ്ട്. കറന്തക്കാട് ജംക്ഷനിൽ നിന്നു 100 മീറ്റർ ദൂരമുണ്ട് പെട്രോൾ ബങ്കിൽ എത്താൻ. ഇതിനിടയിലാണ് 3 റോഡും ഫയർ സ്റ്റേഷനും. ഫയർസ്റ്റേഷനിൽ നിന്നു പുറത്തു കടന്നു പോയി തിരികെ വാഹനം എത്തണമെങ്കിൽ ചൗക്കി അടിപ്പാത കടന്നു വരണം. 9 കിലോമീറ്റർ ദൂരം യാത്ര. ചെറിയ വാഹനമാണെങ്കിൽ ഒന്നര കിലോമീറ്റർ ചുറ്റി താളിപ്പടുപ്പിൽ നിന്നു തിരിച്ചു വരണം.
പെട്രോൾ പമ്പിൽ സിഎൻജി സംവിധാനം കൂടി ഉള്ളതിനാൽ ആവശ്യമായ വാഹനങ്ങൾ, ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയവയ്ക്കും എത്തിപ്പെടാൻ വലിയ ദുരിതമാണ്. സിഎൻജി ആവശ്യമായ 700 ഓളം വാഹനങ്ങൾ കാസർകോട് ടൗണിലും സമീപ പ്രദേശങ്ങളിലും ഉണ്ട്. നിലവിൽ കാസർകോട് ഭാഗത്ത് കറന്തക്കാട്, ചൗക്കി എന്നിവിടങ്ങളിൽ മാത്രമാണ് സിഎൻജി സ്റ്റേഷൻ ഉള്ളത്. നഗരത്തിലും സമീപ പ്രദേശങ്ങളിലും തുടരെ തീപിടിത്തം, പുഴ, കിണർ തുടങ്ങിയവയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള വിളി എന്നിവ അറ്റൻഡ് ചെയ്യേണ്ട അഗ്നിശമന സേനയ്ക്ക് ഉടൻ രക്ഷാപ്രവർത്തനത്തിനു പോകാനും തിരികെ എത്താനും ഉണ്ടാകുന്ന തടസ്സം അപകടത്തിൽ കുടുങ്ങുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനു കൂടി വിഘാതം ഉണ്ടാക്കും. ഫയർസ്റ്റേഷനിൽ തിരികെ എത്തുന്നതിനു 9 കിലോമീറ്റർ അധിക ദൂരം സഞ്ചരിക്കണം എന്നത് വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തുന്നത്.

