KSDLIVENEWS

Real news for everyone

വെടിനിര്‍ത്തല്‍ കരാര്‍: 8 തടവുകാരെക്കൂടി വിട്ടയച്ച് ഹമാസ്, 110 പലസ്തീനികളെ ഇസ്രയേല്‍ മോചിപ്പിക്കും-

SHARE THIS ON

ജറുസലേം: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി എട്ട് തടവുകാരെക്കൂടി വിട്ടയച്ച് ഹമാസ്. 2023 ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരായ ആക്രമണത്തിന്റെ സമയത്ത് പിടികൂടിയ മൂന്ന് ഇസ്രായേലി ബന്ദികളെയും അഞ്ച് വിദേശികളെയുമാണ് വ്യാഴാഴ്ച ഹമാസ് മോചിപ്പിച്ചത്. മൂന്ന് ഇസ്രായേലി ബന്ദികളെയും തായ് സ്വദേശികളെയും ഹമാസ് റെഡ് ക്രോസിന് കൈമാറിയതായി ഇസ്രയേല്‍ സേന അറിയിച്ചു.

ഇസ്രായേലി വനിതാസേനാംഗം ബെര്‍ഗറി(20)നെയാണ് ആദ്യം മോചിപ്പിച്ചത്. പലസ്തീന്‍ പ്രദേശത്തിന്റെ വടക്ക് ഭാഗത്തുള്ള ജബാലിയില്‍ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ക്കാണ് ഇവരെ കൈമാറിയത്. പിന്നാലെ ആര്‍ബെല്‍ യെഹോഡ്(29), ഗാഡി മോസസ്(20) എന്നിവരേയും മോചിപ്പിച്ചു. എന്നാല്‍ വിട്ടയച്ച തായ് സ്വദേശികളുടെ വിവരം ലഭ്യമായിട്ടില്ല. ഇതിനു പകരമായി ഇസ്രയേല്‍ 110 പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കുമെന്നാണ് വിവരം.

ജബാലിയയിലെ ദുരിതാശ്വാസ ക്യാംപുകള്‍ക്ക് സമീപത്തു വച്ചാണ് ബര്‍ഗറിനെ റെഡ് ക്രോസിന് കൈമാറിയത്. മറ്റൊരു നഗരമായ ഖാന്‍ യുനീസില്‍ വച്ചാണ് മറ്റുള്ളവരെ കൈമാറിയത്. രണ്ടിടത്തും വന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. എന്നാല്‍ ബന്ദികളെ കൈമാറിയ രീതിക്കെതിരേ ഇസ്രയേല്‍ രംഗത്ത് വന്നു. മുഖംമറച്ച നിലയില്‍ ഹമാസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാലാണ് ബന്ദികളുടെ കൈമാറ്റം നിര്‍ത്തിവെച്ചതെന്നാണ് ഇസ്രയേല്‍ പറയുന്നത്.

ഇസ്രായേലികള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് ജീവപര്യന്തം തടവ് അനുഭവിക്കുന്ന 30 പേര്‍ ഉള്‍പ്പെടെ 110 പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ മോചിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എല്ലാ ബന്ദികളുടെ ‘സുരക്ഷിത മോചനം’ ഉറപ്പാക്കുന്നതുവരെ കൈമാറ്റം വൈകിപ്പിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!