ജന പ്രവാഹം തുടങ്ങി: മുഹിമ്മാത്ത് ഉറൂസ് ശനിയാഴ്ച സമാപിക്കും

പുത്തിഗെ: മുഹിമ്മാത്തുൽ മുസ്ലിമീൻ എജുക്കേഷൻ സെന്ററിന്റെ സാരഥിയും ആത്മീയ നേതൃത്വവുമായിരുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ ഇരുപതാമത് ഉറൂസ് മുബാറക്കും സനദ് ദാന സമ്മേളനവും ശനിയാഴ്ച പതിനായിരങ്ങൾക്ക് അന്നദാനം നൽകുന്നതോടെ സമാപിക്കും. ഇന്നലെ രാവിലെ നടന്ന ഹജ്ജ് പ്രാക്ടിക്കൽ ക്യാമ്പ് പഠനാർഹവും ശ്രദ്ധേയവുമായി. ഈ വർഷം ഹജ്ജിന് അപേക്ഷിച്ച അഞ്ഞൂറിലേറെ പേരാണ് ക്ലാസ് ശ്രവിക്കാൻ എത്തിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സൗകര്യം ഒരുക്കിയതും ഏറെ ഉപകാരപ്രദമായി. അബ്ദുൽ കരീം സഖാഫി ഇടുക്കി ക്ലാസിന് നേതൃത്വം നൽകി. വൈകിട്ട് നടന്ന സ്വലാത്ത് മജ്‌ലിസിന് സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ബായാർ തങ്ങൾ നേതൃത്വം നൽകി. മതപ്രഭാഷണ പരിപാടി സയ്യിദ് ഷഹീർ തങ്ങൾ ഉദ്ഘാടനം ചെയ്തു. റാഫി ഹിമമി എരുമാട് മുഖ്യപ്രഭാഷണവും സയ്യിദ് ഖലീൽ അൽ ബുഖാരി സമാപന പ്രാർത്ഥനയും നടത്തി. ഇന്ന് റാത്തിബ് മജ്‌ലിസും മതപ്രഭാഷണവും നടക്കും. വൈകിട്ട് നടക്കുന്ന റാത്തീബ് മജ്ലിസിൽ ഹമ്മാദ് ഹസൻ അൽ ചിശ്തി, സയ്യിദ് പൂക്കുഞ്ഞി തങ്ങൾ ആദൂർ, സയ്യിദ് മുത്തുകോയ തങ്ങൾ കണ്ണവം, അല്ലാമ ഖിയാം റസാ ഖാദിരി തുടങ്ങിയവർ നേതൃത്വം നൽകും. രാത്രി നടക്കുന്ന മതപ്രഭാഷണ പരിപാടിയിൽ പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ, നൗഫൽ സഖാഫി കളസ തുടങ്ങിയവർ സംബന്ധിക്കും. ശനിയാഴ്ച നടക്കുന്ന മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിൽ ഹാഫിളീങ്ങളും ഹിമമികളുമായ എഴുപത്തി ഒൻപത് പണ്ഡിതന്മാർ സനദ് വാങ്ങും. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഇ സുലൈമാൻ മുസ്‌ലിയാർ, അലി ബാഫഖി തങ്ങൾ, കുമ്പോൽ കെ എസ് ആറ്റക്കോയ തങ്ങൾ തുടങ്ങിയവർ സംബന്ധിക്കും. പതിനായിരങ്ങൾക്ക് അന്നദാനം നൽകുന്നതോടെ പരിപാടി സമാപിക്കും. അഹ്ദൽ തങ്ങളെ സിയാറത്ത് ചെയ്യുന്നതിനും സ്ഥാപനം സന്ദർശിക്കുന്നതിനും നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വൻ ജനപ്രവാഹമാണ് മുഹിമ്മാത്തിൽ എത്തിച്ചേരുന്നത്. എല്ലാവരെയും സ്വീകരിക്കുന്നതിനും മറ്റും പ്രത്യേക വളണ്ടിയർ വിങും സ്വീകരണ സമിതിയും സജീവമാണ്.

