പ്രഖ്യാപനമല്ല, പ്രവർത്തനമാണ് വേണ്ടത്; കാസർഗോഡ് മെഡിക്കൽ കോളേജ് സമര സമിതി

കാസർഗോഡ്: ഇടത് സർക്കാരിന്റെ അവസാന ബജറ്റിൽ കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിട നിർമാണം പൂർത്തിയാക്കുന്നതിന് ആവശ്യമായ തുക അനുവദിക്കാത്തതിൽ കാസർഗോഡ് മെഡിക്കൽ കോളേജ് സമര സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
കേരളത്തിൽ പുതുതായി പ്രഖ്യാപിച്ച നാല് മെഡിക്കൽ കോളേജുകൾക്കായി ആകെ ₹57 കോടി മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ഈ തുക നാല് മെഡിക്കൽ കോളേജുകൾക്കായി വിഭജിക്കുമ്പോൾ കാസർഗോഡ് മെഡിക്കൽ കോളജിന് ലഭിക്കുക തുച്ഛമായ തുകയാണെന്നും ഇത് ജനങ്ങളുടെ കണ്ണിൽ പൊടി ഇടുന്നതിന് തുല്യമാണെന്നും സമര സമിതി ആരോപിച്ചു. ആവശ്യത്തിന് തുക അനുവദിക്കാതിരിക്കുന്നത് വഴി സർക്കാർ കാസർഗോഡ് ജില്ലയെ തുറന്നുവെച്ച് വെല്ലുവിളിക്കുകയാണെന്ന് സമര സമിതി ചെയർമാൻ മാഹിൻ കേളോട്ട് പറഞ്ഞു.
പ്രഖ്യാപനങ്ങളല്ല, യഥാർത്ഥ പ്രവർത്തനങ്ങളാണ് കാസർഗോഡിന് വേണ്ടത്. കാസർഗോഡ് മെഡിക്കൽ കോളേജ് അടിയന്തിരമായി പൂർണ്ണസജ്ജമാക്കണമെന്നും നിർത്തിവെച്ച നിർമാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.
നിർമാണം പുനരാരംഭിക്കുന്നതുവരെ സമരം തുടരുമെന്നും കാസർഗോഡ് നഗരത്തിൽ ഒപ്പ് മതിൽ കൂടുതൽ ജനകീയമാക്കുമെന്നും സമരം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. കാസർഗോഡ് നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡ്–ദേശീയപാത പാലത്തിന് കീഴിൽ ഒപ്പ് മതിൽ ശക്തിപ്പെടുത്തുമെന്നും സമര സമിതിയംഗങ്ങൾ വ്യക്തമാക്കി.
സമരത്തിന് പിന്തുണയുമായി വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നതെന്നും കാസർഗോഡ് മെഡിക്കൽ കോളേജ് സമര സമിതി ചെയർമാൻ മാഹിൻ കേളോട്ടും ജനറൽ കൺവീനർ ജെ. എസ്. സോമശേഖരനും വാർത്താക്കുറിപ്പിൽ അറിയിച്ചു.

