KSDLIVENEWS

Real news for everyone

റിയാസ് മൗലവി വധക്കേസ്: പ്രതികളെ രക്ഷിക്കാന്‍ പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു- വി.ഡി സതീശൻ

SHARE THIS ON

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റിയാസ് മൗലവിയെ കൊലപ്പെടുത്തിയ ആര്‍.എസ്.എസുകാരയ പ്രതികളെ രക്ഷപ്പെടുത്താന്‍ പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്നും കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം വിമർശിച്ചു. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതോടെ തുടക്കം മുതല്‍ക്കെ കേസ് അട്ടിമറിക്കാന്‍ പോലീസും പ്രോസിക്യൂഷനും ശ്രമിച്ചോയെന്ന സംശയം ബലപ്പെടുകയാണ്. മനസാക്ഷിയെ മരവിപ്പിച്ച കൊലപാതക കേസിലെ പ്രതികളെ വെറുതെവിട്ടത് പോലീസിന്റെ പരാജയമാണെന്നും ഭരണ നേതൃത്വത്തിനും ഇതില്‍ പങ്കുണ്ടെന്നും സതീശൻ ആരോപിച്ചു. സത്സംഘ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസിലെ പ്രതികളായ സംഘപരിവാറുകാരെ രക്ഷപ്പെടുത്താമെന്ന ധാരണകൂടി ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കാസര്‍കോട്ടെ ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശനിയാഴ്ച വെറുതെവിട്ടിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്. കര്‍ണാടക കുടക് സ്വദേശിയായ മുഹമ്മദ് റിയാസ് മൗലവി(27)യെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. 2017 മാര്‍ച്ച് 21-ന് പുലര്‍ച്ചെയായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!