തകര്‍പ്പന്‍ തുടക്കത്തിനു ശേഷം മായങ്കിന്റെ പേസിനു മുന്നില്‍ വിറച്ചു; പഞ്ചാബിന് 21 റണ്‍സ് തോല്‍വി

ലഖ്നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് തകര്‍പ്പന്‍ തുടക്കമിട്ട പഞ്ചാബ് കിങ്‌സിന് ഒടുവില്‍ 21 റണ്‍സ് തോല്‍വി. 11.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 102 റണ്‍സെടുത്ത പഞ്ചാബിന് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നേടാനായത് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രം.
തകര്‍ത്തടിച്ച് മുന്നേറുകയായിരുന്ന പഞ്ചാബ് ബാറ്റര്‍മാര്‍ക്കെതിരേ നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പേസര്‍ മായങ്ക് യാദവാണ് കളി ലഖ്‌നൗവിന് അനുകൂലമാക്കിയത്. രണ്ട് പ്രധാന വിക്കറ്റുകള്‍ വീഴ്ത്തി മുഹ്‌സിന്‍ ഖാനും തിളങ്ങി.
50 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 70 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിന്റേത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഓപ്പണര്‍മാരായ ധവാനും ജോണി ബെയര്‍സ്‌റ്റോയും തകര്‍ത്തടിച്ച് സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തതോടെ പഞ്ചാബ് പിടിമുറുക്കി. 70 പന്തില്‍ നിന്ന് 102 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 29 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 42 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ മടക്കി അതിവേഗക്കാരന്‍ മായങ്ക് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ റണ്‍റേറ്റ് ഉയര്‍ത്താന്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ ഇറക്കിയ പഞ്ചാബ് തന്ത്രം ഫലംകണ്ടു. വെറും ഏഴു പന്തില്‍ നിന്ന് 19 റണ്‍സെടുത്ത പ്രഭ്‌സിമ്രാനും പക്ഷേ മായങ്ക് യാദവിന്റെ അതിവേഗത്തിനു മുന്നില്‍ പിഴച്ചു. ജിതേഷ് ശര്‍മയും (6) ഇതേ രീതിയില്‍ മായങ്കിനു മുന്നില്‍ വീണു.
പിന്നാലെ 17-ാം ഓവറിലെ രണ്ടാം പന്തില്‍ ധവാനെയും തൊട്ടടുത്ത പന്തില്‍ സാം കറനെയും (0) മുഹ്‌സിന്‍ ഖാന്‍ മടക്കിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി.
19-ാം ഓവറില്‍ വെറും ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത ക്രുണാല്‍ പാണ്ഡ്യയും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അവസാന ഓവറില്‍ ജയിക്കാന്‍ 41 റണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമടക്കം 19 റണ്‍സെടുക്കാനേ അവര്‍ക്ക് സാധിച്ചുള്ളൂ. ലിയാം ലിവിങ്‌സ്റ്റണ്‍ 17 പന്തില്‍ നിന്ന് 28 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തേ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്ക്, ക്യാപ്റ്റന്‍ നിക്കോളാസ് പുരന്‍, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ ബാറ്റിങ് മികവില്‍ ലഖ്നൗ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെടുത്തിരുന്നു.
38 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 54 റണ്‍സെടുത്ത ഡിക്കോക്കാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ കെ.എല്‍ രാഹുല്‍ (15), ദേവ്ദത്ത് പടിക്കല്‍ (9), മാര്‍ക്കസ് സ്റ്റോയ്നിസ് (19) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ അഞ്ചാമനായി ബാറ്റിങ്ങിനെത്തിയ പുരന്റെ വെടിക്കെട്ടാണ് ലഖ്നൗവിന്റെ റണ്‍റേറ്റ് ഉയര്‍ത്തിയത്. 21 പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് വീതം സിക്സും ഫോറുമടക്കം 42 റണ്‍സെടുത്തു.
പുരന്‍ പുറത്തായ ശേഷം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ക്രുണാല്‍ പാണ്ഡ്യയാണ് ലഖ്നൗ സ്‌കോര്‍ 199-ല്‍ എത്തിച്ചത്. 22 പന്തുകള്‍ നേരിട്ട ക്രുണാല്‍ രണ്ട് സിക്സും നാല് ഫോറുമടക്കം 43 റണ്‍സോടെ പുറത്താകാതെ നിന്നു.
പഞ്ചാബിനായി സാം കറന്‍ മൂന്നും അര്‍ഷ്ദീപ് സിങ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.