KSDLIVENEWS

Real news for everyone

ഇറാനിൽ കരയുദ്ധത്തിന് നിലമൊരുക്കി യു.എസ്: 57,000 സൈനികരെ മേഖലയിൽ വിന്യസിച്ചതായി റിപ്പോർട്ട്

SHARE THIS ON

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധസാധ്യതകൾ വർധിക്കുന്നതിനിടെ പശ്ചിമേഷ്യയിലേക്ക് വൻതോതിൽ സൈനികരെ അയച്ച് അമേരിക്ക. 2003 ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോൾ നടക്കുന്നത്. നിലവിൽ 57,000 ലധികം അമേരിക്കൻ സൈനികർ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിലേക്ക് ഒരു കരസേനാ ആക്രമണത്തിന് മുതിരുന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ നിരീക്ഷകർ കാണുന്നത്. ഇതിന്റെ ഭാഗമായി 3,500 ഓളം മറീനുകളുമായി യു എസ് എസ് ട്രിപ്പോളി എന്ന യുദ്ധക്കപ്പൽ മേഖലയിലെത്തിയിട്ടുണ്ട്. കൂടാതെ 82 ആം എയർബോൺ ഡിവിഷനിൽ നിന്നുള്ള പാരാട്രൂപ്പർമാരും ഖാർഗ് ഐലൻഡ് ലക്ഷ്യമിട്ട് നിലയുറപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ 10,000 സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ പെന്റഗൺ പദ്ധതിയിടുന്നുണ്ട്.

ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കുകയോ അല്ലെങ്കിൽ എണ്ണ ഉൽപ്പാദന കേന്ദ്രമായ ഖാർഗ് ഐലൻഡ് നിയന്ത്രണത്തിലാക്കുകയോ ആണ് അമേരിക്കയുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ആധിപത്യം തകർക്കാനും ടാങ്കർ ഗതാഗതം പുനഃസ്ഥാപിക്കാനും ഈ സൈനിക നീക്കം സഹായിക്കുമെന്ന് യുഎസ് സൈനിക വിശകലന വിദഗ്ധർ വിശ്വസിക്കുന്നു.

ഖത്തറിലെ അൽ ഉദൈദ്, യു എ ഇ യിലെ അൽ ദാഫ്ര തുടങ്ങിയ വ്യോമതാവളങ്ങളും ബഹ്റൈനിലെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും ഈ യുദ്ധസജ്ജീകരണങ്ങളിൽ സജീവ പങ്കുവഹിക്കുന്നുണ്ട്. എന്നാൽ കരയുദ്ധം ഉണ്ടായാൽ അത് വലിയ നാശനഷ്ടങ്ങൾക്കും എണ്ണവില വർധനവിനും കാരണമാകുമെന്ന് പലരും മുന്നറിയിപ്പ് നൽകുന്നു. ഹൂതികൾ, ഹിസ്ബുല്ല, ഹമാസ് തുടങ്ങിയ സായുധ ഗ്രൂപ്പുകൾ ഇറാന് പിന്തുണയുമായി എത്തുന്നതോടെ യുദ്ധം കൂടുതൽ സങ്കീർണ്ണമാകാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!