KSDLIVENEWS

Real news for everyone

കടലിനും കാടിനുമിടയിൽ കാറ്റ് വീശുന്ന കാസർകോട്… ചരിത്രം ആവർത്തിക്കുമോ, തിരുത്തുമോ?

SHARE THIS ON

കാസർകോട്: അറബിക്കടലിൽനിന്ന് നെല്ലിക്കുന്ന് കസബ കടപ്പുറത്തേക്ക് ആർത്തലച്ചെത്തുന്ന തിരമാലയിൽനിന്നുയരുന്ന കാറ്റ് കാതങ്ങൾ കടന്ന് കാടുമായി അതിർത്തിപങ്കിടുന്ന ബെള്ളൂർ, കാറഡുക്ക പഞ്ചായത്തുകൾ വരെ നീളും. അതാണ് കാസർകോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ആവേശം. കടലിൽനിന്നെത്തുന്ന തിരമാല കരയെടുക്കുന്നതും കാട് ഭരിക്കുന്ന ഇടങ്ങളിലെ വിളകൾ കാട്ടുമൃഗങ്ങൾ കൊണ്ടുപോകുന്നതുമാണ് കാസർകോട് മണ്ഡലവാസികളുടെ പ്രധാന പരാതികൾ. രാഷ്ട്രീയക്കാർക്ക് മുൻപിൽ പലതവണ ആവർത്തിച്ചിട്ടും സാങ്കേതികക്കുരുക്കുകളിൽ അലിയുന്ന പരാതികൾക്കിടയിലും തിരഞ്ഞെടുപ്പ് ആവേശമൊട്ടും കുറയ്ക്കുന്നില്ല വോട്ടർമാർ. തിരഞ്ഞെടുപ്പാവേശത്തിരയിൽ ഓളങ്ങൾ തീർത്ത് അവരും ആഘോഷമാക്കുകയാണ്.

ജില്ലയിലെ രണ്ട് പ്രധാന രാഷ്ട്രീയപ്പാർട്ടികളുടെ ജില്ലാ പ്രസിഡന്റുമാർ നേർക്കുനേർ മത്സരിക്കുന്ന മണ്ഡലമാണ് കാസർകോട്. യു.ഡി.എഫ്. ജില്ലാ ചെയർമാനും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റുമായ കല്ലട്ര മാഹിൻ ഹാജിയും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയുമാണിവർ. മുഖ്യധാരാ മുന്നണിയുടെ സ്ഥാനാർഥിയായി ജില്ലയിൽ സ്ത്രീ മത്സരിക്കുന്ന ഏക മണ്ഡലമെന്ന പ്രത്യേകതയും കാസർകോടിനുണ്ട്.

ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തിൽ മൂന്നാമൻ എൽ.ഡി.എഫ്. സ്വതന്ത്രനായ ഷാനവാസ് പാദൂരാണ്. കോട്ട കാക്കാനൊരുങ്ങുന്ന ലീഗിനും കോട്ട പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പി.ക്കും ഒരേപോലെ നെഞ്ചിടിപ്പേറ്റുന്ന സ്ഥാനാർഥി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും മണ്ഡലത്തിലെ ജനപ്രീതിയും കണക്കിലെടുക്കുമ്പോൾ ’കറുത്ത കുതിര’യാകാൻ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ സ്ഥാനാർഥി. നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കക്കാർ ഏറ്റുമുട്ടുന്ന മത്സരത്തിലെ വിജയി ആരായാലും നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ പുതിയൊരാൾ വരുമെന്നതാണ് യാഥാർഥ്യം.

ചരിത്രം ആവർത്തിക്കുമോ, തിരുത്തുമോ?

ആര് മത്സരിച്ചാലും ലീഗ് മാത്രം ജയിക്കുന്നതാണ് മണ്ഡലത്തിന്റെ അരനൂറ്റാണ്ടായുള്ള ചരിത്രം. 1977 മുതൽ ലീഗ് മാത്രം പ്രതിനിധീകരിച്ച മണ്ഡലം. എതിർമുന്നണിക്കാർ ആവനാഴിയിലെ സർവ അസ്ത്രവുമെടുത്ത് പ്രയോഗിക്കുമ്പോഴും ആരിവിടെ ജയിക്കുമെന്നതൊരു ചോദ്യമാണ്. ഒന്നും ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതി. കാലങ്ങളായി മൂന്നാംസ്ഥാനത്തെത്താറുള്ള എൽ.ഡി.എഫ്. പ്രഖ്യാപിച്ച സ്വതന്ത്ര സ്ഥാനാർഥിയുടെ സാന്നിധ്യം ഏത് മുന്നണിയിലെ വോട്ടാണ് ചോർത്തുകയെന്നതിനെ ആശ്രയിച്ചിരിക്കും മണ്ഡലത്തിലെ വിജയം.

ആദ്യം സ്ഥാനർഥിപ്രഖ്യാപനം നടത്തിയത് യു.ഡി.എഫാണ്. പിന്നാലെ, മുഖ്യ എതിരാളിയായ എൻ.ഡി.എ.യുടെ പ്രഖ്യാപനവുമെത്തി. അൽപ്പം വൈകിയാണ് ഇടതുപക്ഷ സ്വതന്ത്രൻ പ്രചാരണരംഗത്തേക്കെത്തുന്നത്. ആദ്യം ഡീലെന്നും അല്ലാ, നോഡീലെന്നും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായ പ്രഖ്യാപനം. പ്രചാരണ മുഖങ്ങളിൽ മൂവരും മുന്നേറുകയാണ്. വോട്ടർമാരെ നേരിൽക്കണ്ടും വോട്ട് ബാങ്കാകാൻ സാധ്യതയുള്ള സാമൂഹിക-മതനേതാക്കളെ സന്ദർശിച്ചും പിന്തുണയറിയിച്ചും വോട്ട് തേടിയുള്ള യാത്ര തുടരുന്നു. ഇതിനൊപ്പം സാമൂഹികമാധ്യമങ്ങളിലും റീലുകളിലും സ്ഥാനാർഥികൾ വോട്ടന്വേഷിച്ചുള്ള യാത്ര തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!