KSDLIVENEWS

Real news for everyone

വെറുപ്പും കളവും പ്രചരിപ്പിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കരുത്: SSF ഗോൾഡൻ ഫിഫ്റ്റി സമ്മളനത്തെ അഭിസംബോധനം ചെയ്ത് കാന്തപുരം

SHARE THIS ON

കണ്ണൂർ : വാസ്തവ വിരുദ്ധതകളും വെറുപ്പും പ്രചരിപ്പിക്കുന്ന ആവിഷ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സാംസ്കാരിക കേരളത്തിന് അനുയോജ്യമല്ലെന്നും വിവാദ സിനിമ നിരോധിക്കണമെന്നും ഇന്ത്യന്‍ ഗ്രാന്‍റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു.എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യം സഹിഷ്ണുത കൊണ്ടും സാഹോദര്യം കൊണ്ടും മാനവിക വിചാരങ്ങള്‍ കൊണ്ടും പേരു കേട്ട നാടാണ്. സമീപകാലത്തായി മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന മനുഷ്യര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന പല പ്രവര്‍ത്തനങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനു പിന്നില്‍ പല താത്പര്യങ്ങളുണ്ട്. അങ്ങിനെയൊരു പ്രതിലോമ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പുതിയൊരു സിനിമ പുറത്തിറങ്ങുന്നത്. ലൗ ജിഹാദിലൂടെ മതംമാറ്റി വിദേശത്ത് കൊണ്ടുപോയി സ്ത്രീകളെ തീവ്രവാദ പ്രസ്ഥാനങ്ങളില്‍ ചേര്‍ക്കുന്നുവെന്നാണ് കേരള സ്റ്റോറി എന്ന സിനിമ പറയുന്നത്. തീര്‍ത്തും തെറ്റായ പ്രചാരണമാണിത്. ഇസ്‌ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രേമിച്ച്‌ മതം മാറ്റുന്നതിനെ അനുവദിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല ലൗ ജിഹാദ് എന്നത് നമ്മുടെ നാട്ടില്‍ ഇല്ല എന്ന് നീതിന്യായ സംവിധാനങ്ങളും പാര്‍ലമെന്റു തീര്‍പ്പ് പറഞ്ഞിരിക്കെ ഇങ്ങനെ വ്യാജ പ്രചരണം നടത്തുന്നത് നാടിനെ കുറിച്ച്‌ നുണ പറഞ്ഞ് വെറുപ്പ് പരത്തുകയാണ്. ഇത് സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ്. നമ്മുടെ രാജ്യത്തിന്റെ യഥാര്‍ഥ ചരിത്രം പഠിക്കാന്‍ വിദ്യാര്‍ഥികള്‍ സന്നദ്ധമാകണം. പാഠപുസ്തകങ്ങളില്‍ ചരിത്രം പഠിപ്പിക്കണം. രാജ്യത്തിന്റെ പൂര്‍വ ചരിത്രം പഠിപ്പിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയവും സാംസ്‌കാരികവുമായ പാരമ്ബര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. ചരിത്രം തിരുത്തുന്നത് രാജ്യത്തെ ഇല്ലായ്മ ചെയ്യുന്നതിനു തുല്യമാണ്. നമ്മുടെ ഭരണഘടന മുന്നോട്ടു വെക്കുന്നത് അഖണ്ഡഭാരതം എന്ന ആശയമാണ്. ഭാവിയുടെ പൗരസമൂഹമായ വിദ്യാര്‍ഥികള്‍ നന്നായി പഠിക്കണം. പഠിക്കുന്നതിനൊപ്പം സമൂഹത്തിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും പ്രവര്‍ത്തിക്കണം. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തണം. ആത്മാര്‍ഥതയും അര്‍പ്പണ മനോഭാവവും വേണം. മാതാപിതാക്കളെയും ബന്ധുജനങ്ങളെയും അയല്‍ക്കാരെയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും വേണം. ഇസ്ലാമിക സംസ്‌കാരവും പാരമ്ബ്യര്യവും അതാണ്. വിശ്വാസവും അനുഷ്ഠാനങ്ങളും മുറുകെ പിടിച്ചു ജീവിക്കാന്‍ പുതിയ തലമുറ ശ്രദ്ധിക്കണം – കാന്തപുരം ഉണര്‍ത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സമസ്ത പ്രസിഡന്‍റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. രിസാല വാരികയുടെ പുതിയ ഡിജിറ്റല്‍ പ്രസിദ്ധീകരണ സംരംഭമായ രിസാല അപ്ഡേറ്റിന്റെ പ്രകാശനം സമ്മേളനത്തില്‍ കാന്തപുരം നിര്‍വ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!