KSDLIVENEWS

Real news for everyone

പതിറ്റാണ്ടുകളായി ഇസ്രയേല്‍ തടവില്‍ കഴിയുന്ന ഫലസ്തീനിയൻ നോവലിസ്റ്റിന് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം

SHARE THIS ON

അബുദാബി: രണ്ട് പതിറ്റാണ്ടായി ഇസ്രായേലിന്റെ തടവില്‍ കഴിയുന്ന ഫലസ്തീനിയൻ എഴുത്തുകാരൻ ബാസിം ഖന്ദഖ്ജിക്ക് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരം.

‘എ മാസ്ക്, ദ കളർ ഓഫ് ദ സ്കൈ’ എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. നോവലിന്റെ പ്രസാധകരായ ഡർ അല്‍ അദബിന്റെ ഉടമ റാണ ഇദ്രീസ് ആണ് ഖന്ദഖ്ജിക്ക് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. അബുദാബിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

റാമല്ലയിലെ അഭയാർത്ഥി കാമ്ബില്‍ താമസിക്കുന്ന പുരാവസ്തു ഗവേഷകനായ നൂർ എന്ന വ്യക്തിക്ക് ഇസ്രായേല്‍ സ്വദേശിയുടെ കോട്ടിന്റെ പോക്കറ്റില്‍ നിന്നും ലഭിക്കുന്ന നീല നിറത്തിലുള്ള തിരിച്ചറിയല്‍ കാർഡിനെ ആസ്പദമാക്കിയാണ് ഖന്ദഖ്ജി എ മാസ്ക്, ദ കളർ ഓഫ് ദ സ്കൈ എന്ന നോവല്‍ രചിച്ചിരിക്കുന്നത്. താൻ ഇസ്രായേലി പൗരനാണെന്ന് നടിച്ച്‌ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഉദ്ഖനനം ചെയ്യപ്പെട്ട സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി നൂർ ഈ തിരിച്ചറിയല്‍ കാർഡ് ഉപയോഗിക്കുന്നു. വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി പൗരനായും ഫലസ്തീനി പൗരനായും ദൈനംദിന ജീവിതത്തില്‍ നൂർ കടന്നുപോകുന്നു മാനസിക പിരിമുറുക്കങ്ങളെയും നോവല്‍ ചർച്ച ചെയ്യുന്നുണ്ട്.

വംശീയത, വംശഹത്യ, കുടിയിറക്കല്‍, വിഭജിക്കപ്പെട്ട കുടുംബ ബന്ധങ്ങള്‍ എന്നിവയുടെ കയ്പേറിയ യാഥാർത്ഥ്യത്തെ തുറന്നുകാട്ടുകയാണ് നോവലെന്നായിരുന്നു ജൂറിയായ നബീല്‍ സുലൈമാന്റെ പരാമർശം. 133 പുസ്തകങ്ങളാണ് അറബ് സാഹിത്യപുരസ്കാരത്തിനായി മത്സരിച്ചത്.

1983ല്‍ ഫലസ്തീനിലെ നബ്ലസിലായിരുന്നു ബാസിം ഖന്ദഖ്ജിയുടെ ജനനം. നബ്ലസിലെ അല്‍-നജാ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ ജേർണലിസവും മീഡിയയും പഠിച്ചു. പഠന കാലത്ത് ചെറുകഥകളും എഴുതി. 20 വർഷങ്ങള്‍ക്ക് മുൻപ് 21കാരനായ ഖന്ദഖ്ജി ഇസ്രായേല്‍ സൈന്യത്തിന്റെ തടവിലകപ്പെട്ടു. ടെല്‍ അവീവിലെ ബോംബാക്രമണവുമായി ബന്ധമുണ്ടെന്നു ആരോപിച്ചായിരുന്നു നടപടി. ജയിലിനുള്ളില്‍ നിന്ന് തന്നെ അല്‍ ഖുദ്സ് സർവകലാശാലയില്‍ നിന്നും ഓണ്‍ലൈനായി അദ്ദേഹം പൊളിറ്റിക്കല്‍ സയൻസില്‍ ബിരുദം നേടി. ഇസ്രായേലി സ്റ്റഡീസ് എന്ന വിഷയത്തില്‍ അദ്ദേഹം പ്രബന്ധവും തയ്യാറാക്കിയിരുന്നു. സാഹിത്യം, രാഷ്ട്രീയം, ഫലസ്തീനികളായ സ്ത്രീ ആക്ടിവിസ്റ്റുകള്‍ എന്നീ വിഷയത്തില്‍ ഖന്ദഖ്ജി ലേഖനങ്ങള്‍ എവുതി. ജയിലിലാക്കപ്പെട്ടതിന് ശേഷം നോവലുകളിലും നിരവധി കവിതകളും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 2023ലാണ് പുരസ്കാരത്തിന് അർഹമായ എ മാസ്ക്, ദ കളർ ഓഫ് സ്കൈ എന്ന നോവല്‍ രചിക്കുന്നത്.

ഫെബ്രുവരിയില്‍ അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടിക പ്രഖ്യാപിക്കുന്നതിനിടെ ചരിത്രത്തില്‍ ആദ്യമായാണ് ഇസ്രായേല്‍ തടവിലാക്കപ്പെട്ട എഴുത്തുകാരൻ കുറിച്ചുവെച്ച വാക്കുകള്‍ ചുവരുകള്‍ ഭേദിച്ച്‌ പുറത്തെ വായനക്കാരിലേക്കെത്തുന്നത് എന്ന് ട്രസ്റ്റി ബോർഡ് ചെയർ പ്രൊഫസർ യാസിർ സുലൈമാൻ പറഞ്ഞിരുന്നു.

തടവിലാക്കപ്പെട്ടതിനു ശേഷം ‘റിച്വല്‍സ് ഓഫ് ദ ഫസ്റ്റ് ടൈം’, ‘ദ ബ്രെത്ത് ഓഫ് എ നൊക്ടേണല്‍ പോം’ എന്നീ കവിതാസമാഹാരങ്ങളും ഖൻദാഖ്ജി രചിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!