KSDLIVENEWS

Real news for everyone

ബംഗാൾ തീരത്ത് തീവ്രന്യൂനമർദം; കനത്ത മഴ തുടരുന്നു: കാസർകോട് ഉൾപ്പെടെ 3 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

SHARE THIS ON

തിരുവനന്തപുരം: ബംഗാൾ തീരത്തിനു സമീപം തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായതോടെ കേരളത്തിൽ ഉടനീളം കനത്ത മഴയും നാശനഷ്ടങ്ങളും. കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്ത് കനത്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. മഞ്ചേശ്വരം, കുഞ്ചത്തൂർ, ഉപ്പള ഗേറ്റ്, ബന്ദിയൂർ, മറ്റമ്പാടി, പാവൂർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. വിവിധ പ്രദേശങ്ങളിലായി മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ രാത്രി ഒരു മണി മുതലാണ് മഴ കനത്തത്.

നന്ദാരപ്പദവ്- ചേവാർ മലയോര ഹൈവേയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. പുതുതായി തുറന്ന ഹൈവേയിലാണ് മണ്ണിടിച്ചിലുണ്ടായത്. വാഹനങ്ങൾ മിയാപദവ് –പൈവളികെ –ഉപ്പള റൂട്ടിൽ പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി മേൽപ്പാലം ഉൾപ്പെടെ മുങ്ങി. മടിക്കൈ മണക്കടവ് പാലം മുങ്ങി. മഞ്ചേശ്വരം താലൂക്കിലെ ഗേരുകെട്ട റേഷൻ കടയിൽ വെള്ളം കയറി 50 ചാക്ക് അരി, ഗോതമ്പ് തുടങ്ങിയവ നശിച്ചു. ഉപ്പളയിൽ കാർ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ മണിക്കൂറുകളിൽ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. ഉൾപ്രദേശങ്ങളിൽ വെള്ളം കയറിയും മരം വീണും ഗതാഗതം താറുമാറായി. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

കണ്ണൂരിൽ കക്കാട് പുഴ കരകവിഞ്ഞ് റോഡിൽ വെള്ളം കയറി. ദേശീയ പാത നിർമാണം നടക്കുന്ന തളിപ്പറമ്പ് കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. വയനാട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരം റോഡിൽ ചെറിയ തോതിൽ മണ്ണിടിഞ്ഞു. മണ്ണ് നീക്കിയതിനാൽ നിലവിൽ ഗതാഗത തടസ്സമില്ല.

തിരുവനന്തപുരം വിഴിഞ്ഞത്തു നിന്ന് പോയ മീൻപിടിത്ത ബോട്ട് തിരയിൽപ്പെട്ടു മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. 5 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. രക്ഷാദൗത്യത്തിന് പോയ ഫിഷറീസ് വകുപ്പ് മറൈൻ ആംബുലൻസ് സാങ്കേതിക തകരാറിനാൽ ഉൾക്കടലിൽ അകപ്പെട്ട നിലയിലാണ്. ഇതു കെട്ടിവലിച്ച് എത്തിക്കാൻ ശ്രമം തുടരുന്നു.

കാലവർഷത്തിന്റെ ഭാഗമായി അടുത്ത 4 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ തുടരും. കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്കു സാധ്യതയുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലകളിലെല്ലാം ഇന്ന് ഓറഞ്ച് അലർട്ടാണ്.  കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി‌‌യാണ്.

തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ കാറ്റും മഴയുമാണ്. ഇതേ തുടര്‍ന്ന് പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി. ഇന്നലെ വൈകുന്നേരം പോയ വൈദ്യുതി പലയിടത്തും പുനസ്ഥാപിച്ചില്ല. വൈദ്യുതിപോസ്റ്റുകളിൽ മരം വീണുണ്ടായ നാശനഷ്ടം പരിഹരിക്കാനുള്ള കാലതാമസമാണെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!