ആദ്യ മഴയിൽത്തന്നെ ടാറിങ് തകർന്നു; ചളിയങ്കോട് റോഡ് ചെളിക്കുളം

കാസർകോട് : മഴ തുടങ്ങിയതോടെ ടാറിളകി കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാത. പൊതുമരാമത്തിന്റെ അധീനതയിലുള്ള റോഡിൽ ചെമ്മനാട് ഭാഗത്താണ് കാര്യമായി റോഡ് തകർന്നിരിക്കുന്നത്. മഴ കനത്തതിന്റെ തൊട്ടടുത്ത ദിവസം റോഡിന്റെ മേൽപ്പാളി ഇളകുകയായിരുന്നു. മുണ്ടാങ്കുലം, ചളിയങ്കോട് എന്നിവിടങ്ങളിലാണ് റോഡ് പൊളിഞ്ഞിരിക്കുന്നത്. കളനാട്, ഉദുമ, ബേക്കൽ ജങ്ഷനും ബേക്കൽ കുന്നിലിനുമിടയിലെ വളവ് എന്നിവിടങ്ങളിലും റോഡ് തകർന്നുതുടങ്ങിയിട്ടുണ്ട്. മഴയത്ത് വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലാണ് റോഡ് തകരുന്നത്. ബേക്കൽപ്പാലത്തിന് ഇരുവശവും വീണ്ടും റോഡ് താണു. മഴയത്ത് അതിൽ വെള്ളം കെട്ടിനിൽക്കുകയാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ റോഡ് കുഴിഞ്ഞതറിയാതെ വേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. ആഴ്ചകൾ മുൻപാണ് റോഡിൽ അറ്റകുറ്റപ്പണി നടത്തിയത്. അതാണ് ഇപ്പോൾ അടർന്നു പോയിക്കൊണ്ടിരിക്കുന്നത്. വരുംദിവസങ്ങളിൽ മഴ കനക്കുന്നതോടെ റോഡ് പൂർണമായും തകരുമെന്നാണ് നാട്ടുകാർ പറയുന്നത്.

