പശുക്കളെ കശാപ്പിന് കൊണ്ടുപോയെന്ന് ആരോപിച്ച് തടഞ്ഞു; ശ്രീരാമസേന പ്രവർത്തകരെ മരത്തിൽ കെട്ടിയിട്ട് മർദിച്ചു

ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ പശുക്കളെ വാഹനത്തിൽ കൊണ്ടുപോകുന്നത് തടഞ്ഞ ശ്രീരാമ സേനയുടെ പ്രവർത്തകരെ പ്രദേശവാസികൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. ബെലഗാവിയിലെ ഹുക്കേരി താലൂക്കിലാണ് സംഭവം. പ്രവർത്തകരെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നതും നാട്ടുകാർ വടികൊണ്ട് അടിക്കുന്നതും പ്രചരിക്കുന്ന വിഡിയോയിൽ കാണാം. പശുക്കളെ കശാപ്പിനായാണ് കൊണ്ടുപോയതെന്ന് ആരോപിച്ചാണ് തടഞ്ഞത്.
പശുക്കളുമായി പോയ വാഹനം തടഞ്ഞ ശ്രീരാമ സേന പ്രവർത്തകർ ഇവയെ ഇംഗലി ഗ്രാമത്തിലെ ഒരു ഗോശാലയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച വൈകിട്ടോടെ പശുക്കളുടെ ഉടമസ്ഥനായ ബാപുസ മുൾട്ടാനി ഗോശാലയിൽ എത്തി അവയെ മോചിപ്പിച്ചു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ് പ്രവർത്തകർ ഗോശാലയിലേക്ക് എത്തി. മുൾട്ടാനിയെ പിന്തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇവർ പോയി.
വീട്ടിലെത്തി ശ്രീരാമസേന പ്രവർത്തകർ ബഹളം വച്ചതോടെ ഗ്രാമവാസികൾ പ്രകോപിതരായി. ഒടുവിൽ ഒരു കൂട്ടം ഗ്രാമവാസികൾ പ്രവർത്തകരെ പിടികൂടി മരത്തിൽ കെട്ടിയിട്ട് വടികൊണ്ട് അടിക്കുകയായിരുന്നു. ശ്രീരാമ സേന പ്രവർത്തകരോട് പരാതിപ്പെടാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ലെന്ന് പൊലീസ് പറഞ്ഞു. വിഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, പശുക്കളെ കശാപ്പിനാണ് കൊണ്ടുപോയതെന്ന ആരോപണം വാഹന ഉടമ നിഷേധിച്ചു. പശുക്കളെ പാലുൽപ്പന്നങ്ങൾക്കായി ഉപയോഗിച്ചിരുന്നതായും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രീരാമസേന പ്രവർത്തകർ അദ്ദേഹത്തിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചതായും ഉടമ പറഞ്ഞു.