KSDLIVENEWS

Real news for everyone

ഡി.കെ. ശിവകുമാർ 3 മാസത്തിനകം മുഖ്യമന്ത്രി: ഇടഞ്ഞ എംഎൽഎമാരെ വരുതിയിലാക്കാൻ കോൺഗ്രസ്, മുതിർന്ന എംഎൽഎമാർക്കും പദവികൾ

SHARE THIS ON

ബെംഗളൂരു: സിദ്ധരാമയ്യ സർക്കാരിനെ വിമർശിച്ചു രംഗത്തുള്ള മന്ത്രിമാരെയും കോൺഗ്രസ് എംഎൽഎമാരെ വരുതിയിലാക്കാൻ കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ഇന്നു ബെംഗളൂരുവിൽ ചർച്ച നടത്തും. 3 മാസത്തിനകം ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്ന പരസ്യ പ്രസ്താവനയുമായി ഇന്നലെ കോൺഗ്രസ് എംഎൽഎ ഇഖ്ബാൽ ഹുസൈൻ കൂടി രംഗത്തുവന്നു. സിദ്ധരാമയ്യ 30 മാസത്തെ ഭരണം പൂർത്തിയാക്കിയ ശേഷം അധികാരക്കൈമാറ്റം നടക്കുമെന്നു 2023 മേയിൽ എഐസിസി തീരുമാനിക്കുമ്പോൾ താനുൾപ്പെടെ ഡൽഹിയിൽ ഉണ്ടായിരുന്നതാണെന്നും രാമനഗര എംഎൽഎ കൂടിയായ ഇഖ്ബാൽ പറഞ്ഞു. ശിവകുമാറിന്റെ അടുത്ത അനുയായിയാണ് ഇദ്ദേഹം.

സെപ്റ്റംബർ കഴിയുന്നതോടെ കർണാടകയിൽ നേതൃമാറ്റമുണ്ടാകുമെന്നു കഴിഞ്ഞ ദിവസം മന്ത്രിമാരായ കെ.എൻ.രാജണ്ണയും സതീഷ് ജാർക്കിഹോളിയും പറഞ്ഞിരുന്നെങ്കിലും ശിവകുമാർ ഇതു നിഷേധിച്ചിരുന്നു. ഇതിനു പുറമേ നിയമസഭാ വികസന ഫണ്ട് വേണ്ടത്ര ലഭിക്കുന്നില്ലെന്നും സർക്കാരിന്റെ ഭവനപദ്ധതിയിൽ അഴിമതി ആരോപിച്ചും പാർട്ടി എംഎൽഎമാർ രംഗത്തുണ്ട്. ഇതിനിടെയാണു രംഗം ശാന്തമാക്കാൻ സുർജേവാല എത്തുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ വിമർശനം ഉയർത്തുന്നവരെ വെവ്വേറെയായി വിളിച്ചുവരുത്തി ചർച്ച നടത്താനാണു തീരുമാനം.

മന്ത്രിസഭാ വികസനവും ചർച്ചയായേക്കും

മന്ത്രിസ്ഥാനങ്ങൾ ലഭിക്കാത്ത കോൺഗ്രസിലെ ചില മുതിർന്ന സാമാജികരും സർക്കാരിനെതിരെ രംഗത്തുണ്ട്. ഇതു മുൻനിർത്തി മന്ത്രിസഭാ വികസനവും പുതിയ പിസിസി പ്രസിഡന്റ് നിയമനവും സുർജേവാലയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്തേക്കും. സുർജേവാലയുടെ സന്ദർശന വിവരങ്ങൾ എംഎൽഎമാരെ അറിയിച്ചിട്ടുണ്ടെന്നു പിസിസി അധ്യക്ഷൻ കൂടിയായ ഡി.കെ.ശിവകുമാർ പറഞ്ഞു.

രാജീവ് ഗാന്ധി ഭവന കോർപറേഷനു കീഴിൽ സർക്കാർ വീടുകൾ അനുവദിക്കുന്നതിന് ഭവന വകുപ്പ് കൈക്കൂലി വാങ്ങുന്നതായി കോൺഗ്രസ് എംഎൽഎയും ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷനുമായ ബി.ആർ.പാട്ടീലാണു കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇക്കാര്യത്തിൽ ഭവനമന്ത്രി സമീർ അഹമ്മദ് ഖാൻ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ 2 വർഷമായി മണ്ഡലവികസനത്തിന് ഫണ്ട് ലഭിച്ചില്ലെന്ന് ആരോപിച്ച് ബെളഗാവി കഗ്‌വാഡിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഭരംഗൗഡ ആലഗൗഡ കാഗെ (രാജു കാഗെ) രാജി ഭീഷണിയും മുഴക്കി. വടക്കൻ കർണാടകയിലെ അൽമാട്ടി അണക്കെട്ടിന്റെ ഭാഗമായി ബാഗൽക്കോട്ടിൽ ഭൂമി നഷ്ടപ്പെട്ട കർഷകർക്കു നഷ്ടപരിഹാരം നൽകാൻ വൈകുന്ന സർക്കാർ നടപടിയെ ചോദ്യം ചെയ്ത് എക്സൈസ് മന്ത്രി ആർ.ബി.തിമ്മാപുരയും രംഗത്തു വന്നിരുന്നു.

മന്ത്രിമാരെയും പാർട്ടി എംഎൽഎമാരെയും വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകാനാണു മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എഐസിസി നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. ഇതിനിടെ കോൺഗ്രസിനുള്ളിൽ നിന്നു സിദ്ധരാമയ്യ നേരിടുന്ന വിമർശനങ്ങളെ ജനങ്ങളിലെത്തിക്കാനായി ബിജെപിയും ദളും സംസ്ഥാന വ്യാപക പ്രക്ഷോഭങ്ങൾക്ക് തയാറെടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!