യു എ ഇയിലെ വെള്ളപ്പൊക്കം: മരണം ഏഴായി

ഷാര്‍ജ |യു എ ഇ യുടെ വടക്കന്‍ എമിറേറ്റുകളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏഴ് ഏഷ്യക്കാര്‍ മരിച്ചുവെന്ന് അധികൃതര്‍.
‘റാസ് അല്‍ ഖൈമ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലാണ് കൂടുതല്‍ ദുരിതമുണ്ടായത്. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ഏഴ് പേരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കാണാതായ ഒരാളെ കൂടി മരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് മരണ സംഖ്യ ഏഴയത്.
എമിറേറ്റുകളില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്ന് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. അലി സാലിം അല്‍ തുനൈജി പറഞ്ഞു. ‘വെള്ളം കയറി വീടുകള്‍ക്ക് കേടുപാടുകള്‍ നേരിട്ടവര്‍ അഭയ കേന്ദ്രങ്ങളിലുണ്ട്. വെള്ളപ്പൊക്കത്തില്‍ വീടുകള്‍ക്കു കേടുപാടുകള്‍ നേരിട്ട 80 ശതമാനം വ്യക്തികളും കഴിഞ്ഞ രണ്ട് ദിവസമായി തിരിച്ചെത്തി എന്നത് ആശ്വാസകരമാണ്. ദുരിതബാധിത പ്രദേശങ്ങള്‍ ഉടന്‍ സാധാരണ നിലയിലാക്കാന്‍ കഴിയും. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ ചില റോഡുകള്‍ തകര്‍ന്ന നിലയിലുമാണ്. ഫുജൈറ എമിറേറ്റിനെയും ഖോര്‍ഫക്കന്‍ നഗരത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡ് അടച്ചിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ വീണ്ടും തുറക്കാന്‍ അറ്റകുറ്റപണി നടക്കുന്നു.’ അദ്ദേഹം വ്യക്തമാക്കി.
മലയാളികളുടേതടക്കം വ്യാപാര സ്ഥാപനങ്ങള്‍ക്ക് കനത്ത നഷ്ടമുണ്ട്. ലക്ഷക്കണക്കിന് ദിര്‍ഹം വിലവരുന്ന ഉത്‌പന്നങ്ങള്‍ നശിച്ചതായാണ് പ്രാഥമിക വിവരം. പലര്‍ക്കും പാസ്പോര്‍ട്ട് ഉള്‍പ്പെടെ രേഖകള്‍ നഷ്ടമായി. ആശ്വാസ നടപടികള്‍ സജീവമായി നടക്കുന്നു.

