KSDLIVENEWS

Real news for everyone

വയനാട് ഉരുൾപൊട്ടൽ, മരണം 63; ചാലിയാറിലൂടെ ഒലിച്ചെത്തിയത് 17 മൃതദേഹങ്ങള്‍; രക്ഷാപ്രവര്‍ത്തനത്തില്‍ വില്ലനായി കാലാവസ്ഥ

SHARE THIS ON

കല്‍പ്പറ്റ: വയനാട്ടില്‍ കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് വന്‍ഉരുള്‍പൊട്ടലുകളില്‍ മരണസംഖ്യ 60 കടന്നു. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്. നിരവധിപേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.


പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവിടെനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ മണിക്കൂറുകൾ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താൻ സാധിച്ചത്. അവിടെയുണ്ടായ നാശനഷ്ടങ്ങളുടെ യഥാര്‍ഥചിത്രം ഇനിയും പുറംലോകത്ത് എത്തിയിട്ടില്ല.

ഉരുള്‍പൊട്ടലില്‍പ്പെട്ട നിരവധിപേരുടെ മൃതദേഹങ്ങള്‍കിലോമീറ്ററുകള്‍ക്കപ്പുറം മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ ഒഴുകിയെത്തിയത് ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തി. അം​ഗഭം​ഗം വന്ന നിലയിലായിരുന്നു പല മൃതദേഹങ്ങളും. ചാലിയാർ പുഴയുടെ വിവിധ ഭാ​ഗങ്ങളിൽ നിന്നും കണ്ടെത്തിയത് വയനാട്ടിൽ നിന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങളാണെന്നാണ് സൂചന.

വിവരമറിഞ്ഞ് ചൂരല്‍മലയിലെത്തിയ പോലീസിനും ഫയര്‍ഫോഴ്‌സിനും ജനപ്രതിനിധികള്‍ക്കും നടുക്കുന്ന കാഴ്ചകളാണ് കാണാന്‍ കഴിഞ്ഞത്. മുണ്ടകൈയിലേക്കുള്ള പാലം തകര്‍ന്നതിനാല്‍ പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കുമടക്കം അവിടേക്ക് പോകാന്‍ കഴിഞ്ഞില്ല. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘത്തിന് മാത്രമാണ് ആദ്യഘട്ടത്തില്‍ മുണ്ടകൈയിലേക്ക് പോകാന്‍ കഴിഞ്ഞത്.

അവിടുത്തെ രക്ഷാപ്രവര്‍ത്തനം സൈന്യം എത്തിയശേഷം മാത്രമെ കാര്യക്ഷമമായി നടത്താന്‍ കഴിയൂ എന്നാണ് പ്രതീക്ഷിക്കുന്നത്. സൈന്യത്തിന്റെ എന്‍ജിനിയറിങ് ഗ്രൂപ്പും നേവിയുടെ റിവര്‍ ക്രോസിങ് സംഘവും വയനാട്ടില്‍ എത്തുന്നുണ്ട്. നാവികസേനയുടെ ഹെലിക്കോപ്റ്ററുകളെത്തിച്ച് ദുരന്തമുഖത്ത് കുടുങ്ങിയവരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനുള്ള നീക്കം നേരത്തെതന്നെ തുടങ്ങിയെങ്കിലും കാലാവസ്ഥ പ്രതികൂലമായത് നീക്കങ്ങള്‍ക്ക് തടസമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍നിന്ന് ഇതുവരെ 17 മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എന്‍.ഡി.ആര്‍.എഫിന്റെ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. എയര്‍ലിഫ്റ്റിങ് നടത്താനുള്ള ശ്രമവും വിജയിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!