‘ഒന്നരമണിക്ക് ഫ്ലൈറ്റ് വരും പോലുള്ള ഒരു ശബ്ദമാണു കേട്ടത്; രണ്ടാമത്തെ വരവിൽ എല്ലാം തൂത്തുവാരി
മേപ്പാടി: ‘‘ഒന്നരമണിക്ക് ഫ്ളൈറ്റ് വരുമ്പോലുള്ള ഒരു ശബ്ദമാണ് കേട്ടത്. രണ്ടാമത്തെ വരവിൽ തൂത്തുവാരി.’’ മുണ്ടക്കൈയിൽനിന്നു രക്ഷാപ്രവർത്തനത്തിൽ കയ്യും മെയ്യും മറന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കെല്ലാം ക്ഷമയോടെ മറുപടി പറഞ്ഞ് മടങ്ങുകയാണ് വാർഡ് മെമ്പർ നൂറുദ്ദീൻ. ‘‘വീട്ടിൽനിന്ന് ഭാര്യയും മക്കളും വിളിച്ച് കരച്ചിലാണ്. ഞാൻ മേപ്പാടിയിലാണ്. രാത്രി എന്തെങ്കിലും സംഭവിച്ചാൽ പെട്ടെന്ന് ഇടപെടാമല്ലോ എന്നുകരുതി ഇന്നലെ രാത്രി ഞാനിങ്ങോട്ട് പോന്നതാണ്. ഞാൻ കരുതിയ പോലെ തന്നെ സംഭവിച്ചു. എല്ലാം കൊണ്ടുപോയി’’ – നൂറുദ്ദീൻ പറയുന്നു.
പുത്തുമല ദുരന്തത്തെ അതിജീവിച്ച വ്യക്തിയാണ് നൂറുദ്ദീൻ അതുകൊണ്ടുതന്നെ പ്രകൃതിയുടെ ചെറിയ മാറ്റങ്ങളെപ്പോലും സൂക്ഷമതയോടെ നോക്കുന്ന മെമ്പർ. പുഴയിലെ വെള്ളം മാറിയപ്പോൾ തന്നെ നൂറുദ്ദീൻ മുന്നറിയിപ്പ് നൽകി. ‘‘ഞാൻ ഗ്രൂപ്പായ ഗ്രൂപ്പിലെല്ലാം വോയ്സ് മെസേജ് അയച്ചതാണ്. പുഴ വക്കാണ് മാറണം എന്നുപറഞ്ഞതാണ്. അപ്പോൾ എല്ലാവരും പറഞ്ഞു മെമ്പറേ മഴ കുറവുണ്ട് എന്ന്. ഒന്നരമണിക്ക് ഫ്ലൈറ്റ് വരുമ്പോലുള്ള ശബ്ദമാണ് പിന്നെ കേട്ടത്.
മുണ്ടക്കൈയിൽ കുടങ്ങിയ 250 പേരെയും പുഴ കടത്തി ക്യാംപിലെത്തിച്ചു. പതിനെട്ടോളം മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. അത് താൽക്കാലികമായി നിർമിച്ച പാലത്തിലൂടെ പുറത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുമൃതദേഹങ്ങൾ മണ്ണിനടിയിൽ കിടപ്പുണ്ട്. അതെടുക്കാൻ സാധിച്ചിട്ടില്ല. എനിക്കറിയാവുന്ന രണ്ടുകുടുംബങ്ങളിലെ ആളുകൾ മണ്ണിനടിയിലാണ് അവരെയും പുറത്തെടുക്കാനായിട്ടില്ല. അതിഥി തൊഴിലാളികൾ കണ്ടമാനം പോയിട്ടുണ്ട്. അവരെക്കുറിച്ചുള്ള ശരിയായ വിവരം എന്റെ കയ്യിൽ ഇല്ല’’ – നൂറുദ്ദീൻ പറഞ്ഞു. ഇരുട്ടായതോടെ കിട്ടിയ മൃതദേഹങ്ങൾ പുറത്തെത്തിച്ചു നാളെ രാവിലെത്തന്നെ വീണ്ടും രക്ഷാപ്രവർത്തനം ആരംഭിക്കാനാണു നിലവിൽ തീരുമാനം.
250 വീടുകളാണ് മുണ്ടക്കൈയിലുള്ളത്. ഇതിൽ 150 വീടുകൾ തകർന്നു. ചൂരൽമലയിൽ ഏകദേശം 300 വീടുകളിൽ നൂറെണ്ണവും ഉരുൾപൊട്ടലിൽ തകർന്നിട്ടുണ്ട്. മുണ്ടക്കൈയിൽ ഹാരിസണിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ലയത്തിലുള്ളവരും അപകടത്തിൽ പെട്ടിട്ടുണ്ട്. രണ്ടുലൈനിലായി 12 മുറികളിലാണ് ഇവർ താമസിച്ചിരുന്നത്. രണ്ടും നിശേഷം തകർന്ന നിലയിലാണ്.
മുണ്ടക്കൈയിൽനിന്നു രക്ഷപ്പെടുത്താനുള്ളവരെയെല്ലാം രക്ഷപ്പെടുത്തിയെന്ന് ഉറപ്പുവരുത്തിയിട്ടാണ് നൂറുദ്ദീന്റെ മടക്കം. നേരെ ക്യാംപിലെത്തണം, കാര്യങ്ങൾ നോക്കി വേണ്ടതെന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ചെയ്തിട്ടുമാത്രം വീട്ടിലേക്കു മടങ്ങും”