KSDLIVENEWS

Real news for everyone

മൈസൂരു കൂട്ടബലാത്സംഗം: പ്രതികൾ മുമ്പും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി പോലീസ്

SHARE THIS ON

മൈസൂരു:മൈസൂരു കൂട്ടബലാത്സംഗക്കേസിൽ അറസ്റ്റിലായ പ്രതികൾ മുമ്പും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരുന്നതായി പോലീസ്. പ്രതികളെ എ.സി.പി.ശശിധറിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്. അതിനിടെ, മൈസൂരു കോടതിയിൽ ഹാജരാക്കിയ പ്രതികളെ പത്തുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

ചാമുണ്ഡിമലയടിവാരത്തെ വിജനമായ സ്ഥലങ്ങളിൽ സമയം ചെലവഴിക്കാനെത്തുന്ന കമിതാക്കളെ പ്രതികൾ ലക്ഷ്യമിട്ടിരുന്നു. മൈസൂരുവിലെ ബന്ദിപ്പാളയ എ.പി.എം.സി. യാർഡിൽ പ്രവർത്തിക്കുന്ന പ്രതികൾ ജോലി കഴിഞ്ഞ് മദ്യപിച്ച ശേഷമാണ് മലയടിവാരത്തെത്തിയിരുന്നത്. പുരുഷൻമാരെ ഭീഷണിപ്പെടുത്തിയശേഷം ഒപ്പമുള്ള സ്ത്രീകളെ ഉപദ്രവിക്കുകയായിരുന്നു രീതി. പണവും മൊബൈൽ ഫോൺ അടക്കമുള്ള വസ്തുക്കളും കവരും. കൃത്യം നടത്തിയശേഷം ചരക്കുവാഹനങ്ങളിൽ തമിഴ്നാട്ടിലേക്ക് പോവാറാണ് പതിവ്.


പീഡനത്തിനിരയായവർ ഭീതിയും അപമാനവും ഭയന്ന് പോലീസിൽ പരാതിനൽകാത്തത് കൃത്യം ആവർത്തിക്കാൻ പ്രതികൾക്ക് ധൈര്യം നൽകിയതെന്ന് പോലീസ് പറഞ്ഞു. മലയടിവാരത്ത് പോലീസ് പട്രോളിങ് ഇല്ലാത്തതും സഹായകമായി. കമിതാക്കൾക്ക് പുറമേ വഴിയാത്രക്കാരെ തടഞ്ഞുനിർത്തി പണവും ആഭരണങ്ങളും മൊബൈൽ ഫോണുകളും ഇവർ മോഷ്ടിച്ചിരുന്നു. പ്രതികളെ വൈകാതെ സ്ഥലത്തത്തിച്ച് തെളിവെടുപ്പ് നടത്തും. കൂട്ടബലാത്സംഗക്കേസിൽ ഭൂപതി, ജോസഫ്, മുരുകേശൻ, അരവിന്ദ്, 17 വയസ്സുകാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അജ്ഞാത കേന്ദ്രത്തിൽ ചോദ്യംചെയ്യുകയാണ്.

ഭൂപതി ചന്ദനമോഷണക്കേസിലെ പ്രതി


പ്രതികളിലൊരാളായ ഭൂപതിയെ ആറുമാസം മുമ്പ് ചന്ദനത്തടി മോഷണക്കേസിൽ മൈസൂരു പോലീസ് അറസ്റ്റുചെയ്തിരുന്നു. പത്തിലധികം കേസുകളിൽ പ്രതിയാണ് ഭൂപതി. രണ്ടുവർഷം മുമ്പ് ഈറോഡിൽ നടന്ന കൊലപാതകക്കേസിൽ പ്രതിയാണ് മുരുകേശൻ. കൂട്ടബലാത്സംഗക്കേസിൽ പിടികൂടാനാനുള്ള പ്രതിക്കായി തമിഴ്നാട്ടിൽ അന്വേഷണം നടക്കുകയാണ്.

മൈസൂരുവിൽ ക്യാമ്പ് ചെയ്ത് ഡി.ജി.പി.

കേസന്വേഷണത്തിനു മേൽനോട്ടം വഹിക്കാൻ ഡി.ജി.പി. പ്രവീൺ സൂദ് മൈസൂരുവിൽ ക്യാമ്പ് ചെയ്യുകയാണ്. സ്വകാര്യ ഹോട്ടലിൽ 25-ഓളം പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഡി.ജി.പി. അന്വേഷണപുരോഗതി വിലയിരുത്തി. എല്ലാ പഴുതുകളും അടച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്ന് ഡി.ജി.പി. ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം ചാമുണ്ഡിമലയിൽ പട്രോളിങ് ഊർജിതമാക്കണമെന്നും രാത്രി ഏഴിനുശേഷം അധികസുരക്ഷ ഏർപ്പെടുത്തണമെന്നും നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!