KSDLIVENEWS

Real news for everyone

ആളുകൾ ഒത്തുചേരുന്നിടത്ത് ആന്റിജൻ പരിശോധന; കോവിഡ് പരിശോധനാ നയത്തിൽ മാറ്റം

SHARE THIS ON

തിരുവനന്തപുരം:കോവിഡ് വ്യാപനത്തോത് കൃത്യമായി കണ്ടെത്താൻ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തും. സാമൂഹിക സമ്പർക്കത്തിന്‌ സാധ്യതയുള്ള സ്ഥലങ്ങളിൽ രോഗലക്ഷണങ്ങളില്ലെങ്കിലും ആൻറിജൻ പരിശോധന നടത്തും.

80 ശതമാനത്തിനുമുകളിൽ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും രോഗലക്ഷണമുള്ള എല്ലാവർക്കും ആർ.ടി.പി.സി.ആർ. പരിശോധന നടത്തും. 80 ശതമാനത്തിനു താഴെ ആദ്യ ഡോസ് വാക്സിൻ നൽകിയ ജില്ലകളിലും തദ്ദേശസ്ഥാപന പ്രദേശങ്ങളിലും നിലവിലെ പരിശോധനാ രീതി തുടരും. ജില്ലകളിലെ വാക്സിനേഷൻ നില അടിസ്ഥാനമാക്കി ഇറക്കിയ പുതിയ മാർഗരേഖയിലാണ് ഇക്കാര്യം പറയുന്നത്.


80 ശതമാനത്തിന്‌ മുകളിൽ ആദ്യ ഡോസ് എടുത്ത ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങളിലും നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്കാണ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തുക. കടകൾ, മാളുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ എന്നീ കേന്ദ്രങ്ങളിലായിരിക്കും ആന്റിജൻ റാൻഡം പരിശോധന.

രണ്ട്‌ ഡോസ് വാക്സിനെടുത്ത് രണ്ടാഴ്ച കഴിഞ്ഞവരെ രോഗലക്ഷണമില്ലെങ്കിൽ പരിശോധനയിൽനിന്ന് ഒഴിവാക്കും. രോഗം സ്ഥിരീകരിച്ച് രണ്ട്‌ മാസത്തിനകം ഉള്ളവരെയും ഒഴിവാക്കും. വാക്സിൻ എടുക്കാൻ അർഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേർ ആദ്യ ഡോസ് എടുത്ത പശ്ചാത്തലത്തിലാണ് നടപടികൾ പുതുക്കിയതെന്ന് മന്ത്രി വീണാ ജോർജ്‌ പറഞ്ഞു.


ലാബുകൾ സാംപിളുകളുടെ ഫലം എത്രയുംവേഗം അപ്‌ലോഡ് ചെയ്യണം. കൃത്യമായി ചെയ്യാത്ത ലാബുകൾക്കെതിരേ നടപടിയെടുക്കും. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന നടത്തി നടപടി സ്വീകരിക്കും.

ഒന്നാം ഡോസ് വാക്സിനെടുത്തവർ

ജില്ല ശതമാനം


ആലപ്പുഴ 67

എറണാകുളം 85

ഇടുക്കി 76


കണ്ണൂർ 70

കാസർകോട് 72

കൊല്ലം 69


കോട്ടയം 72

കോഴിക്കോട് 69

മലപ്പുറം 58


പാലക്കാട് 60

പത്തനംതിട്ട 88

തിരുവനന്തപുരം 76

തൃശ്ശൂർ 70

വയനാട് 89

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!