KSDLIVENEWS

Real news for everyone

മോഷണാരോപണം ഉന്നയിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥക്ക് സ്ഥലം മാറ്റം; നടപടി കുറ്റക്കാരിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന്

SHARE THIS ON

തിരുവനന്തപുരം: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ ടാപ്പിംഗ് തൊഴിലാളിയെയും മകളെയും പരസ്യവിചാരണ നടത്തിയ പിങ്ക് പോലീസ് ഉദ്യോഗസ്ഥയെ പെട്രോളിങ്ങില്‍ നിന്ന് മാറ്റി സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊച്ചി സിറ്റിയിയിലേക്ക് നിയമനം നല്‍കിയത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ നിര്‍ദേശപ്രകാരം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. രജിത എന്ന പൊലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു.

സംഭവത്തെക്കുറിച്ച്‌ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷിച്ച്‌ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി തെറ്റ് ചെയ്തില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥ അദ്ദേഹത്തോട് ക്ഷമ ചോദിക്കണമായിരുന്നെന്നും അതു സംഭവിച്ചില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആറ്റിങ്ങല്‍ ഊരൂപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകള്‍ കല്ലുവെട്ടാന്‍കുഴി വീട്ടില്‍ ജയചന്ദ്രനും (38) എട്ടുവയസ്സുകാരിയായ മകള്‍ക്കുമാണു മോശം അനുഭവം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ആറ്റിങ്ങല്‍ മൂന്നുമുക്ക് ജംക്‌ഷനിലാണു സംഭവം. പൊലീസ് വാഹനത്തിന് അടുത്ത് നില്‍ക്കുകയായിരുന്ന ജയചന്ദ്രനെയും മകളെയും പൊലീസുകാരി തടഞ്ഞു നിര്‍ത്തി വാഹനത്തില്‍ നിന്നു കവര്‍ന്ന ഫോണ്‍ എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

മോഷ്ടിച്ചിട്ടില്ലെന്നു പറഞ്ഞത് വിശ്വസിക്കാതെ ഒപ്പമുണ്ടായിരുന്ന മകളെയും അധിക്ഷേപിച്ചെന്നാണു പരാതി. ചോദ്യം ചെയ്യലും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന് പറയുന്നത് കേട്ട കുട്ടി ഭയന്ന് കരഞ്ഞു. ഇതിനിടയിലാണ് മോഷണം പോയെന്ന് പറഞ്ഞ ഫോണിലേക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥ വിളിച്ചപ്പോള്‍ ഫോണ്‍ കാറില്‍ നിന്ന് തന്നെ റിങ് ചെയ്തത്.

ഇതിനിടയില്‍ തടിച്ചു കൂടിയ നാട്ടുകാര്‍, മോഷണം പോയതായി ആരോപിച്ച മൊബൈല്‍ ഫോണ്‍ പൊലീസിന്റെ കാറില്‍നിന്നു തന്നെ കണ്ടു കിട്ടിയതോടെ പൊലീസ് നടപടിയെ ചോദ്യം ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. എട്ടു വയസുകാരിയായ മകള്‍ ഇപ്പോഴും പോലീസുകാരുടെ ആക്രോശത്തിന്റെ ഷോക്കില്‍ നിന്നും മുക്തയായിട്ടില്ലെന്ന് ജയചന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!