സന്ദർശക വിസക്കാർക്കും ഇന്നു മുതൽ യു എ ഇയിലേക്ക് പറക്കാം

കാസർകോട് : സന്ദർശക വിസക്കാർക്കുള്ള യാത്രാ വിലക്കും പിൻവലിച്ചതോടെ ഇന്നു മുതൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും യു എ ഇയിലേക്ക് പ്രവേശിക്കാം . ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച് 14 ദിവസം പൂർത്തിയായവർക്കാണ് പ്രവേശനാനുമതി . യു എ ഇ അടക്കമുള്ള വിദേശ രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ള ഈ വാക്സിൻ കോവിഷീൽഡാണ് . ഇന്ത്യയിൽ കുത്തിവെക്കുന്നവയിലൊന്ന് . വാക്സിനാണ് . അതുകൊണ്ട് തന്നെ സന്ദർശക വിസയിൽ യു എ ഇയിലേക്ക് പോകാനാഗ്രഹിക്കുന്നവർക്ക് വാക്സിൻ പ്രശ്നമാകില്ല . വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റും , യാത്രക്കുള്ള മറ്റു നിബന്ധനകളും സന്ദർശക വിസക്കാർക്കും ടൂറിസ്റ്റ് വിസക്കാർക്കും ബാധകമായിരിക്കുമെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് . തൊഴിലന്വേഷകരായ മലയാളികളടക്കം ആയിരക്കണക്കിനാളുകൾക്ക് യു എ ഇയുടെ പ്രഖ്യാപനം ഏറെ ആശ്വാസം പകരുന്നു . ലോക വ്യാപാരമേള ഒക്ടോബറിൽ ദുബൈയിൽ നടക്കാനിരിക്കെ ഒട്ടേറെ അവസരങ്ങളാണ് അഭ്യസ്ത വിദ്യരടക്കമുള്ളവരെ കാത്തിരിക്കുന്നത് . മലയാളികൾക്കാണ് കൂടുതൽ അവസര സാധ്യത തൊഴിൽ മേഖലയിൽ ഉണ്ടാവുക . അതിനാൽ സന്ദർശക വിസക്കാർക്കുള്ള പ്രവേശനാനുമതി തൊഴിൽ അന്വേഷകർക്ക് ഏറെ പ്രയോജനപ്പെടും . കഴിഞ്ഞ ഏപ്രിൽ 24 നാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യു എ ഇ വിലക്ക് ഏർപ്പെടുത്തിയത് . രാജ്യത്തെ അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യു എ ഇ നടപടി . മാസങ്ങൾ നീണ്ട വിലക്കിനൊടുവിൽ കഴിഞ്ഞ മാസം ചില ഇളവുകൾ അനുവദിച്ചിരുന്നുവെങ്കിലും നാട്ടിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പ്രവാസികൾക്കും ഇളവുകൾ പ്രയോജനപ്പെട്ടിരുന്നില്ല . താമസ വിസക്കാർക്കാണ് ആദ്യഘട്ടത്തിൽ പ്രവേശനം അനുവദിച്ചിരുന്നത് . കാലാവധിയുള്ള വിസ കൈവശം ഉള്ളവർക്കും , യു എ ഇയിൽ നിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കുമായിരുന്നു പ്രവേശനം . എന്നാൽ തുടർന്ന് വിലക്കിൽ കൂടുതൽ ഇളവു വരുത്തിയതോടെ കൂടുതൽ പ്രവാസികൾക്ക് തിരികെ പോകാൻ സാഹചര്യമുണ്ടായി . ഇതോടെ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരാൻ തുടങ്ങിയിരുന്നു . ഇതിനിടെയാണ് സന്ദർശക വിസക്കാർക്കുള്ള നിയന്ത്രണവും പിൻവലിച്ച് അവർക്ക് പ്രവേശിക്കാൻ യു എ ഇ വാതിൽ തുറന്നത് . അതേസമയം പ്രവാസികളെ സംസ്ഥാനത്ത് കോവിഡ് പരിശോധനയുടെ പേരിൽ ശരിക്കും പിഴിയുകയാണെന്ന് പരാതിയുണ്ട് . 2500 മുതൽ 3000 രൂപ വരെ ഇതിന് ഈടാക്കുന്നതായാണ് പരാതി .