മോദി-ഷിഗെരു കൂടിക്കാഴ്ച; ജപ്പാൻ 6,000 കോടി നിക്ഷേപിക്കും

ടോക്കിയോ: ഒരുദശകത്തിനുള്ളില്‍ ഇന്ത്യയില്‍ 10 ട്രില്യണ്‍ യെൻ (ഏകദേശം 5988.124 കോടിരൂപ) നിക്ഷേപിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ജപ്പാൻ.
പ്രതിരോധം, സാങ്കേതികവിദ്യ ഉള്‍പ്പെടെ സുപ്രധാന മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള രൂപരേഖ തയാറാക്കാനും തീരുമാനമായി. ടോക്കിയോയിലെ കാന്റെയിലുള്ള ഔദ്യോഗികവസതിയില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണു സുപ്രധാന തീരുമാനങ്ങള്‍.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവയുദ്ധം രൂക്ഷമാകുന്നതിനിടെയാണ് സഹകരണം ശക്തമാക്കുന്നതിനുള്ള തീരുമാനം. ഇന്നലെ രാവിലെയാണു പ്രധാനമന്ത്രി ടോക്കിയോയിലെത്തിയത്.
ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഇന്ത്യ-ജപ്പാൻ സഹകരണം നിർണായകമാണെന്നു മോദി പറഞ്ഞു. സുവർണലിപികളില്‍ എഴുതേണ്ട, പുതിയൊരു സഹകരണത്തിന് അടിത്തറ പാകിക്കഴിഞ്ഞു. നിക്ഷേപം, ഗവേഷണം, സാന്പത്തികസുരക്ഷ ഉള്‍പ്പെടെ മേഖലകള്‍ക്കായി അടുത്ത പത്തുവർഷത്തേക്കുള്ള രൂപരേഖയും തയാറാക്കും. ഇതില്‍ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിലും സ്റ്റാർട്ടപ്പുകളുടെ രൂപീകരണത്തിലും പ്രത്യേക ഊന്നല്‍ നല്‍കും.
മനുഷ്യവിഭവശേഷി കൈമാറുന്നതിനും ധാരണയുണ്ട്. അഞ്ചുവർഷത്തിനുള്ളില്‍ ഇന്ത്യയില്‍നിന്ന് അരലക്ഷം വിദഗ്ധർക്കു ജപ്പാനില്‍ അവസരം ലഭിക്കും.