ഏഴ് വര്‍ഷത്തിന് ശേഷം ചൈനയില്‍ കാലുകുത്തി മോദി: ഷിയുമായും പുതിനുമായും ചര്‍ച്ച; ഉറ്റുനോക്കി ലോകം

ബീജിങ്: യുഎസ് സൃഷ്ടിച്ച വ്യാപര പ്രതിസന്ധികള്‍ക്കിടെ ഏഴ് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്‌സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തുന്നത്.
ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനില്‍ പറഞ്ഞിരുന്നു. ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരതയുണ്ടാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം കസാനില്‍നടന്ന എസ്‌സിഒ ഉച്ചകോടിക്കിടെ ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തില്‍ ക്രിയാത്മകമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന് മോദി പറയുകയുണ്ടായി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായും മോദി കൂടിക്കാഴ്ച നടത്തും.
യുഎസിന്റെ വ്യാപാരയുദ്ധം ഇന്ത്യന്‍ കയറ്റുമതിയെ ബാധിച്ചിരിക്കേ പുതിയ വിപണിതേടുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഷി ജിന്‍പിങ് ആതിഥേയത്വം വഹിക്കുകയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് പുതിനും പങ്കെടുക്കുകയും ചെയ്യുന്ന ഉച്ചകോടി യുഎസ് അടക്കമുള്ള പശ്ചാത്യ രാജ്യങ്ങള്‍ അതീവ ജാഗ്രയോടെയാണ് വീക്ഷിക്കുന്നത്. ഒരു ബദല്‍ ശക്തിയായി നിലകൊള്ളാന്‍ കഴിവുള്ള ഒന്നായി ചൈനയെ ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ടുള്ള ഒരു ഉച്ചകോടിയാണിതെന്ന് യുഎസ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.
ഏഷ്യയില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള രാഷ്ട്രത്തലവന്മാരും പ്രതിനിധി സംഘങ്ങളുമാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (SCO) രണ്ട് ദിവസത്തെ ഉച്ചകോടിക്കായി ഞായറാഴ്ച മുതല്‍ ചൈനീസ് തുറമുഖ നഗരമായ ടിയാന്‍ജിനില്‍ ഒത്തുചേരുന്നത്.
സെപ്റ്റംബര്‍ ഒന്ന് വരെ ചൈനയിലുള്ള പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ചയാണ് ഏറെ നിര്‍ണായകം. ഇരു നേതാക്കളും ഇന്ത്യ-ചൈന സാമ്പത്തിക ബന്ധങ്ങള്‍ വിലയിരുത്തുകയും ബന്ധം കൂടുതല്‍ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യും.