മൂത്താൻതറ സ്കൂളിലെ സ്ഫോടനം അന്വേഷിക്കാത്തതിന് കാരണം ബിജെപി-സിപിഎം അന്തർധാര: പി.കെ ഫിറോസ്

പാലക്കാട്: പാലക്കാട് മൂത്താൻത്തറയിലെ ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിലെ ബോംബ് സ്ഫോടനം പൊലീസ് ഗൗരവത്തിൽ അന്വേഷിക്കാതിരിക്കാൻ കാരണം ബിജെപി-സിപിഎം അന്തർധാരയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ബോംബ് സ്ഫോടനം സംബന്ധിച്ച് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പാലക്കാട് നഗരത്തിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. സന്ദീപ് വാര്യർ, പി. കെ ഫിറോസ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.
അതേസമയം, ഗുരുതരമായ ലൈംഗിക പീഡന പരാതി ഉണ്ടായിട്ടും സി.കൃഷ്ണകുമാറിനെ ബിജെപി സംരക്ഷിക്കുന്നത് കാപട്യമാണെന്നും പി.കെ ഫിറോസ് മീഡിയവണിനോട് പറഞ്ഞു. ഇന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബിജെപി എന്തുകൊണ്ടാണ് സ്വന്തം പാർട്ടിയിലെ ഒരു നേതാവിനെതിരെ ഇത്ര ഗുരുതരമായ ആരോപണങ്ങളും പരാതികളുമുണ്ടായിട്ടും നടപടി സ്വീകരിക്കാത്തതെന്നും ഫിറോസ് ചോദിച്ചു.