നാളെ മുതല്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രി കോവിഡ് ആശുപത്രി

കാഞ്ഞങ്ങാട്: ഒക്ടോബര്‍ ഒന്നുമുതല്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രി കോവിഡ് ആശുപത്രിയായി മാറും. തുടർന്ന് ഇവിടെ കോവിഡ് രോഗികള്‍ക്ക് മാത്രമുള്ള ചികിത്സ കേന്ദ്രമായി മാറും. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരണവും പ്രതിദിനം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
അത്യാസന്ന നിലയിലുള്ള കോവിഡ് രോഗികള്‍ക്കായി ജില്ല ആശുപത്രിയില്‍ 100 ബെഡുള്ള ഒരു വാര്‍ഡ് സജ്ജീകരിക്കും. അഞ്ച് വെൻറിലേറ്ററുകള്‍ ഇവിടെ ഒരുക്കും. വാര്‍ഡില്‍ സെന്‍ട്രലൈസ്ഡ് ഒക്‌സിജന്‍ സപ്ലൈ ഉണ്ടാകും. കോവിഡ് ബാധിച്ച ഗര്‍ഭിണികളുടെ പ്രസവം ഉള്‍പ്പെടെയുള്ള ചികിത്സയും ആശുപത്രിയില്‍ നല്‍കും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവില്‍ ഗുരുതരാവസ്ഥയില്‍ ഉള്ള കോവിഡ് രോഗികളെ ചികിത്സിക്കുന്നത് ഉക്കിനടുക്ക മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ ചികിത്സിക്കുന്നത് വീട്ടിലും, ജില്ലയിലെ ഒമ്പത് സി.എഫ്.എൽ.ടി.സികളിലുമാണ്. ഉക്കിനടുക്ക മെഡിക്കല്‍ കോളജിലെ നിലവിലെ ഭൗതിക സാഹചര്യവും ജീവനക്കാരുടെ എണ്ണവും അനുസരിച്ച് കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ട്.

