പരിയാരത്ത് വീടിന്റെ ജനൽ കമ്പികൾ മുറിച്ചുമാറ്റി 35 പവൻ സ്വർണ്ണം കവർന്നു; കവർച്ച നടന്നത് വീട്ടുകാർ നബിദിനാഘോഷ പരിപാടിക്കു പോയപ്പോൾ

കണ്ണൂർ: കണ്ണൂർ പരിയാരത്ത് വീട്ടിൽ വൻ കവർച്ച. വീട്ടുകാർ നബിദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയ സമയത്ത് വീടിന്റെ ജനൽ കമ്പികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റി 35 പവൻ സ്വർണ്ണവും, പണവും വിലപ്പെട്ട രേഖകളും കവർന്നു. പരിയാരം ചിതപ്പിലി പൊയിൽ പളുങ്കു ബസാറിലെ മാടാളൻ അബ്ദുള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്. പ്രവാസിയാണ് അബ്ദുള്ള. ഭാര്യയും മക്കളുമാണ് വീട്ടിൽ താമസം. ഏതാനും ദിവസം മുമ്പ് അവധിയിൽ നാട്ടിലെത്തിയ അബ്ദുള്ളയും കുടുംബവും രാത്രി എട്ടു മണിയോടെ വീടു പൂട്ടി മദ്രസയിൽ നടന്ന നബിദിനാഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. രാത്രി ഒരു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന കാര്യം അറിയുന്നത്. വീടിന്റെ പിൻ ഭാഗത്തെ ജനൽ കമ്പി ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് കവർച്ചക്കാർ അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്നതായിരുന്നു സ്വർണ്ണവും, പണവും, രേഖകളും. ഇവ കൈക്കലാക്കിയ കവർച്ചക്കാർ സാധനങ്ങളെല്ലാം വീട്ടിനകത്ത് വാരി വലിച്ചിട്ടാണ് സ്ഥലം വിട്ടത്. വിവരമറിഞ്ഞ് പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടിവി ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.