മണ്ഡലം പുനഃസംഘടനയില്‍ ഉണ്ണിത്താന്റെ കൈകടത്തല്‍ ; കാസര്‍കോട് ഡിസിസി ഓഫീസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

കാസര്‍കോട്: മണ്ഡലം പുനഃസംഘടനയില്‍ രാജ്മോഹൻ ഉണ്ണിത്താൻ എംപി സ്വന്തക്കാരെ തിരുകിക്കയറ്റുന്നുവെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് ഉപരോധിച്ചു. കയ്യൂര്‍–-ചീമേനി, കിനാനൂര്‍–- കരിന്തളം പഞ്ചായത്തുകളിലെ എഴുപതോളം പ്രവര്‍ത്തകരാണ് പ്രത്യേക ബസില്‍ വെള്ളി രാവിലെ 10ന് വിദ്യാനഗറിലെ ഓഫീസില്‍ എത്തി ഉപരോധിച്ചത്. പകല്‍ രണ്ടുവരെ ഡിസിസി പ്രസിഡന്റിന്റെ ഓഫീസിനുമുന്നില്‍ കുത്തിയിരുന്നു. കെപിസിസി അംഗം കരിമ്ബില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ 10 ബൂത്ത് പ്രസിഡന്റുമാരും കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബ്ലോക്ക്, മണ്ഡലം, ബൂത്ത് നേതാക്കളും നേതൃത്വത്തെ ഞെട്ടിച്ച സമരത്തിന് എത്തി. പകല്‍ ഒന്നിന് ഓഫീസില്‍ എത്തിയ ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഇവരുമായി ചര്‍ച്ച നടത്തി. പ്രശ്നം കെപിസിസി പ്രസിഡന്റിനെ അറിയിക്കാമെന്ന് ഉറപ്പുനല്‍കി. ജില്ലയിലെ മുതിര്‍ന്ന ആറ് നേതാക്കള്‍ ഉള്‍പ്പെട്ട സമവായ കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കാതെ ഭീഷണിപ്പെടുത്തിയുംമറ്റും ഉണ്ണിത്താൻ സ്വന്തംനിലയില്‍ ആളുകളെ തിരുകിക്കയറ്റി പാര്‍ടി പിടിക്കാൻ നോക്കുകയാണെന്ന് സമരക്കാര്‍ പറഞ്ഞു. ചീമേനി മണ്ഡലത്തില്‍ നിലവിലെ പ്രസിഡന്റ് ജയരാമനെയോ ശ്രീവത്സൻ പുത്തൂരിനെയോ ഭാരവാഹിയാക്കണം എന്നായിരുന്നു ധാരണ. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ധനേഷിനെ പ്രസിഡന്റാക്കാൻ ഉണ്ണിത്താൻ കരുനീക്കിയെന്നാണ് പരാതി. വിദ്യാനഗര്‍ പൊലീസ് സ്ഥലത്ത് എത്തി. ഉണ്ണിത്താന് മാനസികപ്രശ്നമെന്ന് കെപിസിസി അംഗം കാണാൻ വരുന്ന പ്രവര്‍ത്തകരെ ചീത്ത വിളിക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് മാനസികപ്രശ്നമാണെന്ന് കെപിസിസി അംഗം കരിമ്ബില്‍ കൃഷ്ണൻ. പ്രവര്‍ത്തകരുടെ തന്തയ്ക്കും തള്ളയ്ക്കുംവരെ വിളിക്കുന്നതായും അദ്ദേഹം പറഞ്ഞു. കരിമ്ബില്‍ കൃഷ്ണൻ അടക്കമുള്ളവര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് ഉണ്ണിത്താൻ ചാനലുകളോട് പ്രതികരിച്ചു. ഇങ്ങനെയുള്ളവരെ നിലനിര്‍ത്തി പാര്‍ലമെന്റിലേക്ക് മത്സരിക്കാനില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

