എ.ഡി.ജി.പി.ക്കെതിരായ അന്വേഷണം: പോലീസ് മേധാവി ഈയാഴ്ച റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പി.വി. അൻവറിന്റെ പരാതിക്കുപിന്നാലെ എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ ഉൾപ്പെടെയുള്ളവർക്കെതിരേ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ട് പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹേബ് ഈയാഴ്ച കൈമാറും. നിയമസഭ ആരംഭിക്കുംമുമ്പുതന്നെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് പരിശോധിക്കാനായേക്കുമെന്നാണ് സൂചന.
അന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേകസംഘം പി.വി. അൻവറിൽനിന്നും എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിൽനിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതേവിഷയത്തിൽ വിജിലൻസ് അന്വേഷണവുമുള്ളതിനാൽ ചില കാര്യങ്ങളിലെങ്കിലും അന്തിമകണ്ടെത്തലുകൾ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്താനിടയില്ല.
ആർ.എസ്.എസ്. നേതാക്കളെ കണ്ടത് സംബന്ധിച്ച് സ്വകാര്യസന്ദർശനമെന്ന നിലപാടാണ് എം.ആർ. അജിത്കുമാർ മൊഴിയെടുപ്പിലും ആവർത്തിച്ചത്.
തൃശ്ശൂർപ്പൂരം അലങ്കോലമായ സംഭവത്തിൽ എം.ആർ. അജിത്കുമാറിന് വീഴ്ചയുണ്ടായെന്ന് പോലീസ് മേധാവി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളിൽ വീണ്ടും അന്വേഷണമാകാമെന്ന് ആഭ്യന്തരസെക്രട്ടറി ശുപാർശ നൽകിയിരുന്നുവെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല.

