റെയിൽവേയുടെ അനുമതിയില്ലാതെ അനധികൃത ടിക്കറ്റ് വില്പന: പൊതുജനസേവനകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ

ചെറുവത്തൂർ: റെയിൽവേയുടെ അനുമതിയില്ലാതെ റിസർവേഷൻ ഉൾപ്പെടെയുള്ള യാത്രാ ടിക്കറ്റ് വില്പന നടത്തിയതിന് ചെറുവത്തൂരിലെ ഡോട്ട് കോം പൊതുജനസേവനകേന്ദ്രം നടത്തിപ്പുകാരനെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു. കരിവെള്ളൂർ കുണിയൻ സ്വദേശി ആർ.കെ. വിപിൻ കുമാറിനെയാണ് ആർ.പി.എഫ്. സംഘം വ്യാഴാഴ്ച സ്ഥാപനത്തിൽ വെച്ച് അറസ്റ്റ് ചെയ്തത്.
റെയിൽവേയുടെ ലൈസൻസില്ലാതെ ടിക്കറ്റ് വില്പന നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നേരത്തെ ടിക്കറ്റ് വില്പന നടത്തിയ രേഖകളും പഴയ ടിക്കറ്റുകളും കണ്ടെടുത്തു. ഇതേതുടർന്ന് കംപ്യൂട്ടർ കസ്റ്റഡിയിലെടുത്തു. തലശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ ജഡ്ജ് അവധിയിയായതിനാൽ പയ്യന്നൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
റെയിൽവേയുടെ ലൈസൻസില്ലാതെ ടിക്കറ്റ് വില്പന നടത്തിയതിന് ഇന്ത്യൻ റെയിൽവേ നിയമം 143 പ്രകാരം ജാമ്യമില്ലാ വകുപ്പിൽ കേസെടുത്താണ് അറസ്റ്റ്. ഒരുവർഷം തടവും 10,000 രൂപ പിഴയും ചുമത്താവുന്ന കുറ്റമാണിതെന്ന് ആർ.പി.എഫ്. സഘം പറഞ്ഞു. റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സ് കാസർകോടിലെ എ.എസ്.ഐ.മാരായ ബിജു നരിച്ചൻ, പോലീസ് ഓഫീസർമാരായ ഒ.എം. ചന്ദ്രൻ, കെ. ശശി, സഞ്ജയ് കുമാർ, ഇ.ടി. രവീന്ദ്രൻ എന്നിവരാണ് പരിശോധനയ്ക്കെത്തിയത്.

