പഞ്ച രത്നങ്ങളുടെ വീട് ഉമ്മൻചാണ്ടി സന്ദർശിച്ചു

പോത്തന്‍കോട്: ഒന്നിച്ച് പിറന്നതുമുതല്‍ വിവാഹം വരെ വാര്‍ത്തകളില്‍ ഇടംപിടിച്ച പോത്തന്‍കോട്ടെ പഞ്ചരത്നങ്ങളുടെ വീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച സന്ദര്‍ശിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ അനുഗമിച്ചു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്ന് എം.എല്‍.എ ആയിരുന്ന പാലോട് രവിയാണ് പഞ്ചരത്നങ്ങളുടെ ദയനീയ അവസ്ഥ ശ്രദ്ധയില്‍പെടുത്തുന്നത്. തുടര്‍ന്ന് സഹകരണ ബാങ്കില്‍ ജോലി ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ കുടുംബത്തിന് നല്കാന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗുരുവായൂരില്‍ നടന്ന വിവാഹ ശേഷം വ്യാഴാഴ്ചയായിരുന്നു ‘പഞ്ചരത്നത്തില്‍’ വിവാഹ സത്കാരചടങ്ങുകള്‍ നടന്നത്. മഹാനവമി ദിനത്തിലാണ് ലോക്ടൗണിനെത്തുടര്ന്ന് മാറ്റിവെച്ച പഞ്ചരത്നങ്ങളില്‍ മൂന്ന് പേരുടെ വിവാഹം ഒരേദിവസം ഒരേ മുഹൂര്‍ത്തത്തില്‍ നടന്നത്. പോത്തന്‍കോട് വഴയ്ക്കോട് ‘പഞ്ചരത്ന’ത്തില്‍ പരേതനായ പ്രേമകുമാറിെന്റയും രമാദേവിയുടെയും മക്കളാണ് പഞ്ചരത്നങ്ങള്‍ എന്ന പേരില്‍ പ്രശസ്തരായത്.

