ഹണിട്രാപ്പ് വർദ്ധിക്കുന്നു
നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കോതമംഗലം: മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവതി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. ആര്യ, മുഹമ്മദ് യാസീൻ, അശ്വിൻ, ആസിഫ് , റിസ്വാൻ എന്നിവരെയാണ് കോതമംഗലം പോലീസ് പിടികൂടിയിരിക്കുന്നത്. കേസിൽ നാലു പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. യുവതി ജോലി ചെയ്യുന്ന കടയുടമയാണ് ഹണി ട്രാപ്പിൽ കുടുങ്ങിയത്.മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ ആര്യ ചൊവ്വാഴ്ച രാത്രി കോതമംഗലത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഇവിടെ എത്തിയ യുവാവിനെ നിർബന്ധിച്ച് യുവതിയ്ക്കൊപ്പം നഗ്നചിത്രങ്ങൾ എടുക്കുകയായിരുന്നു. ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ പ്രതികൾ മൂന്നര ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
പണം കയ്യിലില്ലെന്ന് പറഞ്ഞപ്പോൾ യുവാവിന്റെ കാറും മൊബൈൽ ഫോണും എടിഎം കാർഡും പ്രതികൾ തട്ടിയെടുക്കുകയും ഒരു രാത്രിയും പകലും മുഴുവൻ കോതമംഗലത്തും പരിസരത്തും യുവാവിനെ കാറിൽ ബന്ദിയാക്കി കൊണ്ടുനടക്കുകയും ചെയ്തു. ഇതിനിടെ എടിഎമ്മിൽ നിന്ന് 35,000 രൂപ പിൻവലിപ്പിച്ച് പ്രതികൾ കൈവശപ്പെടുത്തി.
ബുധനാഴ്ച വൈകിട്ട് നാലിന് കോട്ടപ്പടിയിൽ എത്തിയപ്പോൾ മൂത്രമൊഴിക്കാനെന്ന വ്യാജേന യുവാവ് കാറിന് പുറത്തിറങ്ങുകയും ഒച്ചവെച്ച് ആളെ കൂട്ടുകയുമായിരുന്നു. നാട്ടുകാരെത്തി തടഞ്ഞുവെച്ചതിനെ തുടർന്ന് യുവതിയെയും സുഹൃത്തിനെയും കോട്ടപ്പടി പോലീസ് എത്തി കസ്റ്റഡിയിലെടുത്ത് കോതമംഗലം പോലീസിന് കൈമാറി. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട മൂന്ന് സംഘാംഗങ്ങളെയാണ് പോലീസ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

