KSDLIVENEWS

Real news for everyone

തുര്‍ക്കിയില്‍ ഭൂകമ്പം; സമോസില്‍ സുനാമിക്ക് സമാനമായ കടലേറ്റം

SHARE THIS ON

ഇസ്താൻബുൾ: പടിഞ്ഞാറൻ തുർക്കിയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. തുർക്കിയിൽ നിന്ന് 16.5 കിലോ മീറ്റർ അകലെ ഈജിയൻ കടലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പടിഞ്ഞാറൻ തുർക്കിയിലെ ഇസ്മിർ നഗരത്തിൽ ഭൂകമ്പത്തെ തുടർന്ന് കെട്ടിടങ്ങൾ തകർന്നു. ഇസ്മിറിൽ അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ തീവ്രതയെക്കുറിച്ച് വ്യത്യസ്തമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുഎസ് ജിയോളജിക്കൽ സർവേ ഭൂകമ്പത്തിന്റെ തീവ്രത 7.0 രേഖപ്പെടുത്തിയപ്പോൾ തുർക്കി ദുരന്ത നിവാരണ സമിതി രേഖപ്പെടുത്തിയ തീവ്രത 6.6 ആണ്. പടിഞ്ഞാറൻ ഇസ്മിർ പ്രവിശ്യയിലെ ആറ് കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നതെന്ന് തുർക്കിയുടെ ആഭ്യന്തര മന്ത്രിയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമാണ് ഈജിയൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഇസ്മിർ. തുർക്കിയിലെ മറ്റ് നഗരങ്ങളായ ബൊർനോവ, ബെയ്റാക്ലി എന്നിവിടങ്ങളിലെ കെട്ടിടങ്ങൾക്കും ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായി. ഇസ്താംബുൾ ഉൾപ്പെടെയുള്ള ഈജിയൻ, മർമറ പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി തുർക്കി അധികൃതർ പറയുന്നുണ്ട്. അതേസമയം, ഇസ്താംബുൾ ഗവർണർ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ലെന്നാണ് പറയുന്നത്. ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഗ്രീസിലുണ്ടായ ഭൂകമ്പം സമോസിൽ സുനാമി സമാനമായ കടലേറ്റത്തിനിടയാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു. മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!