KSDLIVENEWS

Real news for everyone

നിയമവാഴ്ചയില്‍ വിശ്വാസമില്ലേ?- ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി;
യുട്യൂബറെ ആക്രമിച്ച കേസ് ; മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി

SHARE THIS ON

കൊച്ചി: യൂട്യൂബറെ ആക്രമിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിവെച്ചു. നിയമവാഴ്ചയിൽ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അതിക്രമത്തിന് മുതിർന്നതെന്ന് കോടതി ചോദിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ആക്രമിക്കപ്പെട്ട യൂട്യൂബർ വിജയ് പി. നായരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അതേസമയം, അതിക്രമവും മോഷണവും ഉൾപ്പെടെ തങ്ങൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും വാദം. വിവാദ വീഡിയോയെ കുറിച്ച് സംസാരിക്കാൻ വിജയ് പി. നായരുടെ ആവശ്യപ്രകാരമാണ് താമസസ്ഥലത്ത് ചെന്നത്. അവിടെ നിന്നെടുത്ത ലാപ്ടോപ്പും മൊബൈലും ഹെഡ്സെറ്റും മൂന്ന് മണിക്കൂറിനകം തന്നെ പോലീസിനെ ഏൽപിച്ചിട്ടുണ്ട്. പ്രതികൾ മഷിയും ചൊറിയണവും കയ്യിൽ കരുതിയിരുന്നെന്ന ആരോപണവും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകൻ നിഷേധിച്ചു.
പ്രതികൾ അതിക്രമിച്ചു കയറുകയായിരുന്നെന്നും ഇവർക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും എതിർഭാഗം വാദമുന്നയിച്ചു. എന്ത് നിയമനടപടിയും നേരിടാൻ തയ്യാറാണെന്ന് ഇവർ പരസ്യമായി പ്രഖ്യപിച്ചിട്ടുണ്ടെന്നും വിജയ് പി. നായരുടെ അഭിഭാഷകൻ പറഞ്ഞു.
അതിക്രമത്തിന്റെ വീഡിയോ പുറത്തുവിട്ടത് നിയമവാഴ്ചയിൽ വിശ്വാസമില്ലാത്തതു കൊണ്ടല്ലേ എന്ന് കോടതി ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകനോട് ചോദിച്ചു. സമൂഹത്തിൽ മാറ്റം കൊണ്ടുവരാനുള്ള ശ്രമമാണെന്ന അഭിഭാഷകന്റെ മറുപടിയോട് അത്തരത്തിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നവർ അതിന്റെ പരിണിതഫലവും അനുഭവിക്കാൻ തയ്യാറാകണമെന്നായിരുന്നു കോടതിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!