KSDLIVENEWS

Real news for everyone

ഗാസ അരാജകത്വത്തിന്‍റെ വക്കില്‍; യു.എൻ ഭക്ഷ്യസംഭരണ കേന്ദ്രത്തില്‍ നിന്ന് ധാന്യങ്ങള്‍ കൊണ്ടുപോയി

SHARE THIS ON

ഗാസ: ലോകത്തിന്റെ മുറവിളികളെല്ലാം അവഗണിച്ച്‌ ഗസ്സക്കുമേല്‍ ഞായറാഴ്ചയും ബോംബുവര്‍ഷവും കരയാക്രമണവും നടത്തി ഇസ്രായേല്‍.

നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വിച്ഛേദിച്ച വാര്‍ത്താവിനിമയബന്ധം പുനഃസ്ഥാപിച്ചതോടെ, തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഫലസ്തീൻ പ്രദേശങ്ങളുടെ കൂടുതല്‍ വിവരങ്ങളും ചിത്രങ്ങളും ഇന്നലെ പുറത്തുവന്നു. മരണം 8000 കവിഞ്ഞു. ഇതിനിടെ, ഭക്ഷണമില്ലാതെ നരകയാതന അനുഭവിക്കുന്ന ആയിരക്കണക്കിന് ഗസ്സ നിവാസികള്‍ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യവിതരണ സംഭരണകേന്ദ്രത്തില്‍ തള്ളിക്കയറി ധാന്യങ്ങളും മറ്റു വസ്തുക്കളും എടുത്തുകൊണ്ടുപോയി.

അടിസ്ഥാന ആവശ്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട ഗസ്സയില്‍ സാമൂഹികക്രമം തകരുമെന്ന അവസ്ഥയാണ്. ഗസ്സ സിറ്റി, വടക്കൻ ഗസ്സ എന്നിവിടങ്ങളില്‍നിന്നുള്ളവരോട് ഒഴിഞ്ഞുപോകാൻ ഇസ്രായേല്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി. വാദി ഗസ്സയുടെ തെക്കോട്ടേക്കു പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുപ്രകാരം ഗസ്സയില്‍ ആകെ മരണം 8005

ആണ്. പരിക്കേറ്റവര്‍: 20,242. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ മരണം 112. പരിക്കേറ്റവര്‍ 1900.

അതേസമയം, ഗസ്സയില്‍ സ്റ്റാര്‍ലിങ്കിന്റെ സാറ്റലൈറ്റ് വാര്‍ത്താവിനിമയ സംവിധാനം അനുവദിക്കില്ലെന്നും ഇസ്രായേല്‍ പറഞ്ഞു. ഗസ്സയിലെ ജനങ്ങളുടെ കാളരാത്രിക്ക് അന്ത്യംകുറിക്കാൻ ഇസ്രായേല്‍ വെടിനിര്‍ത്തലിന് തയാറാകണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവര്‍ത്തിച്ചു. യു.എൻ രക്ഷാസമിതിയിലെ അറബ് പ്രതിനിധിയായ യു.എ.ഇയുടെ ആവശ്യപ്രകാരം ഇന്ന് രക്ഷാസമിതിയുടെ അടിയന്തര യോഗം ചേരുമെന്ന് എ.പി റിപ്പോര്‍ട്ട് ചെയ്തു. തടവുകാരെ പരസ്പരം കൈമാറാൻ ഇസ്രായേലുമായി അടിയന്തര നടപടിക്ക് തയാറാണെന്ന് ഹമാസ് അറിയിച്ചു.

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നടന്ന ആക്രമണത്തില്‍ ഏതാനും ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. റഫക്കു കിഴക്കുഭാഗത്ത് ഇസ്രായേല്‍

സേനക്കുനേരെ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയതായി അല്‍ ഖുദ്സ് ബ്രിഗേഡ് അവകാശപ്പെട്ടു. ഗസ്സയിലെ അല്‍ ഖുദ്സ് ആശുപത്രി ഒഴിപ്പിക്കണമെന്നും ഉടൻ ബോംബിടുമെന്നുമുള്ള ഇസ്രായേല്‍ മുന്നറിയിപ്പില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു. നിറയെ രോഗികളുള്ള ആശുപത്രിയില്‍നിന്ന് അവരുടെ ജീവന് അപകടമില്ലാതെ ഒഴിപ്പിക്കല്‍ ഒരു നിലക്കും സാധ്യമല്ലെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധി പറഞ്ഞു.

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം രാജ്യത്തെ സുരക്ഷാ ഏജൻസികള്‍ക്കാണെന്ന് ആരോപണമുന്നയിച്ചതിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മാപ്പുചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!